എഡ്മിൻ്റൺ : അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) കസ്റ്റഡി കേന്ദ്രത്തിൽ ഒമ്പത് മാസം കഴിഞ്ഞതിന് ശേഷം എഡ്മിൻ്റൺ സ്വദേശി കർട്ടിസ് റൈറ്റ് കാനഡയിൽ തിരിച്ചെത്തി. അമേരിക്കയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന റൈറ്റ്, മെക്സിക്കോയിലേക്കുള്ള ജോലി സംബന്ധമായ യാത്രയ്ക്കുശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെയാണ് ടെക്സസിൽ ICE കസ്റ്റഡിയിലായത്. ഒടുവിൽ നാടുകടത്തപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം കാനഡയിലെത്തിയത്.

എഡ്മിൻ്റൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ചതാണ് റൈറ്റിന്റെ ആദ്യ അനുഭവങ്ങളിലൊന്ന്. ടെക്സസിലെ വിവിധ ICE കസ്റ്റഡി കേന്ദ്രങ്ങളിൽ കഴിയുന്നതിനിടെ ലഭിച്ച ഭക്ഷണത്തെക്കുറിച്ച് അദ്ദേഹം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. അപ്പവും ബീൻസും താൻ ‘മിസ്റ്ററി മീറ്റ്’ എന്ന് വിശേഷിപ്പിച്ച മാംസവിഭവവുമായിരുന്നു പ്രധാന ഭക്ഷണമെന്നാണ് റൈറ്റ് പറഞ്ഞത്. കാനഡയിലെത്തിയ ശേഷം ടിം ഹോർട്ടൺസിൽ നിന്ന് ഡോണട്ടും ടർക്കി ബാഗൽ ക്ലബ് സാൻഡ്‌വിച്ചും കോക്കക്കോളയും കഴിച്ചതിനെ ജീവിതത്തിലെ ഏറ്റവും മികച്ച ഭക്ഷണ അനുഭവങ്ങളിലൊന്നായി അദ്ദേഹം വിശേഷിപ്പിച്ചു.

കാനഡയിലെത്തിയ റൈറ്റ് പ്രതിശ്രുത വധുവിനെയും മകളെയും വീണ്ടും കണ്ടുമുട്ടി. കുടുംബം കാനഡയിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലാണ്. ഒമ്പത് മാസത്തെ ICE കസ്റ്റഡി അനുഭവം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്നും കാനഡയിലെ ജീവിതത്തിന്റെയും മൂല്യങ്ങളുടെയും പ്രാധാന്യം ഇപ്പോൾ കൂടുതൽ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കർശനമായ കുടിയേറ്റ നടപടികളും കസ്റ്റഡി സംവിധാനവും പ്രവാസികൾ നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച ചർച്ചകൾക്ക് റൈറ്റിന്റെ അനുഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.

