റിയാദ്: സൗദി അറേബ്യയിലെ കിങ് സൽമാൻ റോയൽ റിസർവിൽ ലൈസൻസില്ലാതെ നിയമവിരുദ്ധമായി വേട്ടയാടിയ നാല് സൗദി പൗരന്മാരെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് എയർ തോക്കുകളും വേട്ടയാടിയ 18 വന്യജീവികളെയും പിടിച്ചെടുത്തു.അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം തുടരന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
സൗദിയിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും അനുബന്ധ വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന മുന്നറിയിപ്പ് നൽകി. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി ലൈസൻസില്ലാതെ വേട്ടയാടുന്നതിന് 10,000 സൗദി റിയാൽ വരെ പിഴ ചുമത്തും.

നിരോധിത മേഖലകളിൽ വേട്ടയാടുന്നവർക്കും നിയമം കർശനമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 5,000 സൗദി റിയാൽ പിഴയാണ് ചുമത്തുന്നത്.വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനയും നിയമനടപടികളും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
