തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം 19-ാം നൂറ്റാണ്ടിലെ ചിന്താഗതികളോട് യോജിക്കാന്‍ കഴിയില്ലെന്നും സ്ത്രീകള്‍ സമൂഹത്തിന്റെ സമസ്ത മേഖലകളിലും മുഖ്യധാരയിലേക്ക് വരേണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ വി.ഡി. സതീശന്‍, പ്രവാചകന്റെ ഭാര്യമാരായ ഖദീജ ബിസിനസ് രംഗത്തും ആയിഷ യുദ്ധരംഗത്തും സജീവമായിരുന്ന ചരിത്രപരമായ വസ്തുതകള്‍ ഓര്‍മ്മിപ്പിച്ചു. ഖലീഫ ഉമറിന്റെ ഭരണകാലത്ത് തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിനെതിരെ കാന്തപുരം വിഭാഗം മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്‍കിയ നിര്‍ദ്ദേശവും തുടര്‍ന്നുണ്ടായ പ്രസ്താവനകളും വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ നിലപാടില്‍ ഉറച്ച് കൂടുതല്‍ തീവ്രമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.
