Tuesday, September 8, 2026

ഹൈന്ദവ സംഘടനയുടെ സന്ദര്‍ശനം, വനിത ജീവനക്കാരെ മാറ്റി നിര്‍ത്തി; പണിമുടക്കി ഐഫില്‍ ടവര്‍ ജീവനക്കാര്‍

പാരീസ്: ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാരീസിലെ ഈഫല്‍ ടവര്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് അടച്ചിട്ടു. ഇന്ത്യയില്‍ നിന്നുള്ള ഹൈന്ദവ സംഘടനയായ ബാപ്‌സിന്റെ (BAPS) പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സമരം. ബാപ്‌സ് പ്രതിനിധികളുടെ സന്ദര്‍ശന സമയത്ത് ടവറിലെയും കരാര്‍ കമ്പനികളിലെയും വനിതാ ജീവനക്കാരോട് ജോലിസ്ഥലത്തുനിന്ന് മാറിനില്‍ക്കാനും ചില പ്രത്യേക ഭാഗങ്ങളിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശം നല്‍കിയതായി ജീവനക്കാര്‍ ആരോപിച്ചു. വനിതകള്‍ക്ക് പകരം പുരുഷന്മാരായ ജീവനക്കാരെയാണ് ഈ സമയത്ത് നിയോഗിച്ചത്. ലിംഗഭേദത്തിന്റെ പേരില്‍ വനിതാ ജീവനക്കാരോട് കാട്ടിയ വിവേചനത്തില്‍ ജീവനക്കാരുടെ സംഘടന കടുത്ത പ്രതിഷേധവും ഞെട്ടലും രേഖപ്പെടുത്തി.

പാരീസില്‍ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നൂറോളം വരുന്ന ബാപ്‌സ് പ്രതിനിധി സംഘം. ഈഫല്‍ ടവറിലെ സ്വകാര്യ സന്ദര്‍ശനത്തിനിടെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി ബാപ്‌സ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പരസ്പര ബഹുമാനത്തിലൂന്നിയ മൂല്യങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സംഘടന അറിയിച്ചു.

അതേസമയം, സംഭവത്തിനെതിരെ ഫ്രാന്‍സിലെ രാഷ്ട്രീയ നേതാക്കള്‍ ശക്തമായി രംഗത്തെത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് പാരീസ് ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗോറി വ്യക്തമാക്കി. ഫ്രാന്‍സില്‍ സ്ത്രീകളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാറില്ലെന്നും, ഒരു സിദ്ധാന്തവും മതവും രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് മുകളിലല്ലെന്നും ഫ്രഞ്ച് ലിംഗസമത്വ മന്ത്രി ഒറോര്‍ ബെര്‍ഷെ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!