തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ സി.പി.ഐ.എം തീരുമാനം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി നീക്കം. അതിനിടെ, തെറ്റു തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ ഇ.ഡിയുടെ പുതിയ നീക്കം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.

മാസപ്പടി കേസിലെ അന്വേഷണ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പി.എം.എല്‍.എ (PMLA) വകുപ്പ് 66(2) പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. യാതൊരു സേവനവും നല്‍കാതെ സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക് കമ്പനി 2.78 കോടി രൂപ കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന പോലീസ് കേസെടുക്കുന്നതോടെ ഇ.ഡിക്ക് തുടരന്വേഷണ നടപടികളിലേക്ക് കൂടുതല്‍ വേഗത്തില്‍ കടക്കാന്‍ സാധിക്കും. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
