ടൊറന്റോ, വാഷിങ്ടൻ ∙ കാനഡയിൽനിന്നുള്ള പാലുൽപന്നങ്ങളും മദ്യവും മോട്ടർ സൈക്കിളുകളും യുഎസിൽ വിലക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. മൂന്നാഴ്ചയ്ക്കകം വിലക്ക് നിലവിൽ വരും. കാനഡയുടെ ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ചുമത്തിയ അധികതീരുവയ്ക്കു തിരിച്ചടിയായി യുഎസിനെതിരെ കാനഡ ചുമത്തിയ അധികതീരുവകളും ചൊവ്വാഴ്ച നിലവിൽ വന്നിരുന്നു. കാനഡയ്ക്കുള്ള ദീർഘകാല വ്യാപാര കരാറുകൾ റദ്ദാക്കിയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. കാനഡ വഴങ്ങുംവരെ വിലക്കു തുടരുമെന്നും പറഞ്ഞു. ഇതോടെ ദീർഘകാല സഖ്യകക്ഷികളായ കാനഡയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായി.

യുഎസ് ഉൽപന്നങ്ങൾ ആശ്രയിക്കുന്നതു കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കാനഡയുടെ കയറ്റുമതിയിൽ 70 ശതമാനത്തിലേറെ യുഎസിലേക്കാണ്. യുഎസിന്റെ വിലക്കിന്റെ ആഘാതം താൽക്കാലികമാണെന്നാണ് കാർണി സർക്കാരിന്റെ നിലപാട്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധം വിപുലമാക്കാനുള്ള ചർച്ചകളും സജീവമായി. കാർണി അടുത്തയാഴ്ച ഫ്രാൻസ് സന്ദർശിക്കും. 16നു യൂറോപ്യൻ യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കും. യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിക്കും.
സ്റ്റീൽ, അലുമിനിയം, ചീസ്, കോസ്മറ്റിക്സ്, കാർഷികോപകരണങ്ങൾ തുടങ്ങിയ യുഎസ് ഉൽപന്നങ്ങളെയാണു പ്രധാനമായും കാനഡയിലെ അധികതീരുവകൾ ബാധിക്കുക. ഓഗസ്റ്റ് 21 ന് കാനഡ–യുഎസ് വ്യാപാരചർച്ച പൊളിഞ്ഞതോടെയാണ് ട്രംപ് ഭരണകൂടം അധികതീരുവ പ്രഖ്യാപിച്ചത്.
