Friday, September 11, 2026

U.S ഉല്‍പ്പന്നങ്ങള്‍ കനേഡിയന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന;വാള്‍മാര്‍ട്ടിനെതിരെ പരാതി

ഒന്റാരിയോ: യുഎസുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതോടെ സ്വന്തം രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞുപിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്ന കനേഡിയന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ കാനഡയുടെ ലേബലുകളും ചിഹ്നങ്ങളും പതിപ്പിച്ച് വില്‍പ്പന നടത്തുന്ന ‘മേപ്പിള്‍ വാഷിങ്’ (Maple washing) എന്ന തട്ടിപ്പിനെതിരെ കാനഡയില്‍ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ ദിവസം ഒന്റാരിയോയിലെ മില്‍ട്ടണിലുള്ള വാള്‍മാര്‍ട്ട് ഔട്ട്ലെറ്റില്‍ ഷോപ്പിങിനെത്തിയ ജോവാനെ ഇര്‍വിന്‍ എന്ന ഉപഭോക്താവ് വാങ്ങിയ ബ്ലാക്ക്ബെറി പഴങ്ങളിലാണ് ഈ തട്ടിപ്പ് വ്യക്തമായത്. കടയിലെ ഡിസ്പ്ലേ ബോര്‍ഡില്‍ ‘പ്രൊഡക്ട് ഓഫ് കാനഡ’ (Product of Canada) എന്ന് രേഖപ്പെടുത്തി $3.84 ഡോളറിന് വില്‍പനയ്ക്ക് വെച്ച ഉല്‍പ്പന്നത്തിന്റെ പാക്കറ്റിന് മുകളില്‍ പരിശോധിച്ചപ്പോള്‍ ‘പ്രൊഡക്ട് ഓഫ് യു.എസ്.എ’ (Product of USA) എന്ന് വ്യക്തമായി എഴുതിയിരിക്കുന്നത് കാണുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ വാള്‍മാര്‍ട്ടിന്റെ പ്രൊഡ്യൂസ് മാനേജരെ കണ്ട് പ്രതിഷേധം അറിയിച്ചു.

സമാനമായി മുന്‍പും ഗവാട്ടിമാലയില്‍ നിന്നുള്ള ഗ്രീന്‍ ബീന്‍സും ഈജിപ്തില്‍ നിന്നുള്ള സവോളയും കനേഡിയന്‍ ഉല്‍പ്പന്നങ്ങളെന്ന രീതിയില്‍ വ്യാജമായി ലേബല്‍ ചെയ്ത് വിറ്റഴിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടകളില്‍ കനേഡിയന്‍ പതാകയിലെ മേപ്പിള്‍ ഇലയുടെ (Maple Leaf) ചിത്രമോ കാനഡയുടെ പേരോ ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളെ വഞ്ചിക്കുന്ന തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ധിച്ചതായി കണ്‍സ്യൂമേഴ്‌സ് കൗണ്‍സില്‍ ഓഫ് കാനഡ (CCC) സ്ഥിരീകരിച്ചു. ഭരണകൂടത്തിന്റെ വിപണി പരിശോധനാ ഏജന്‍സിയായ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിക്ക് (CFIA) ഇത്തരത്തിലുള്ള നിരവധിയായ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി വാള്‍മാര്‍ട്ട് രംഗത്തെത്തി. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലേബലിങില്‍ അബദ്ധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തിരുത്താറുണ്ടെന്നും പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് ഏറ്റവും കൃത്യമെന്നും വാള്‍മാര്‍ട്ട് വ്യക്തമാക്കി. എന്നാല്‍, വാങ്ങുന്ന ഭക്ഷണസാധനങ്ങളുടെ ഉത്ഭവം അന്വേഷിച്ച് ഉപഭോക്താക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലെ നടക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ഉപഭോക്തൃ സംഘടനകള്‍ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!