ഡല്‍ഹി: ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്ഹോംഗ്. നല്ല അയല്‍ക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും ചൈന പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്ക് 12.10-ന് ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വൈകിട്ട് 5.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്.

സാമ്പത്തിക സഹകരണമാണ് പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചയിലെ പ്രധാന വിഷയം. ഉയര്‍ന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങള്‍, വിസ നിയന്ത്രണങ്ങള്‍, ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം എന്നിവയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മഞ്ഞുരുക്കത്തിനാണ് ശ്രമിക്കുന്നത്. അതേസമയം, രാവിലെ 11 മണിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും.
