തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ തുടരുന്നു. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി സിഎംആര്‍എല്‍ ജീവനക്കാരെയാണ് കേന്ദ്ര ഏജന്‍സി നിലവില്‍ ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ പി.എം.എല്‍.എ (PMLA) പ്രകാരം കേസെടുക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്.

ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഈ മാസം 17-ഓടെ ലഭിച്ചേക്കും. അഡ്വക്കറ്റ് ജനറലും ഡി.ജി.പിയുമാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത്. വിഷയം ഗൗരവമുള്ളതായതിനാല്‍ കേസില്‍ പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് ഹവാല ഇടപാടുകള്‍ ചൂണ്ടിക്കാട്ടി ഇ.ഡി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
