Monday, September 14, 2026

‘റെഡ് ഡയറി’ ഉണ്ടായിരുന്നു? വീണയെക്കുറിച്ചുള്ള നിർണായക രേഖകൾ ഇ.ഡി. റിപ്പോർട്ടിൽ

തിരുവനന്തപുരം: വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ മകൾ വീണയുടെ പേരിലുള്ള ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം പ്രതിപക്ഷനേതാവ് നിഷേധിച്ചതിന് പിന്നാലെ, ഡയറി ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതായി റിപ്പോർട്ട്. റെഡ് ഡയറിയിലെ ഒൻപത് പേജുകളുടെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉൾപ്പെടുത്തിയതായാണ് വിവരം.

(വിദേശത്തേക്ക് പണംകൈമാറിയത് സംബന്ധിച്ച് വീണയുടെ കൈപ്പടയിലുള്ളതെന്ന്‌ ഇ.ഡി. പറയുന്ന കുറിപ്പ്)

ഡയറിയോടൊപ്പം മറ്റൊരു രേഖയും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസുമായി അടുപ്പമുള്ള ചിലർക്ക് പണം നൽകിയതിന്റെ വിവരങ്ങളാണ് ഇതിലുള്ളതെന്നാണ് ഇ.ഡിയുടെ അവകാശവാദം. ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ എന്നിവരുടെ പേരുകൾ രേഖയിൽ പ്രധാനമായും പരാമർശിക്കുന്നുണ്ട്.

വിദേശത്തുള്ള ചില ബാങ്കുകളുടെ പേരുകളും അക്കൗണ്ട് വിവരങ്ങളും രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇടപാടുകളുടെ തുക യുഎഇ ദിർഹത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി, 2024 സെപ്റ്റംബർ 17-ന് ആകെ 2,82,600 aed (arab emirates dirham) നിക്ഷേപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫൈജാസ് മുഖേന പണം നൽകിയതിന്റെ വിവരങ്ങൾ ഇതിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ടെടുത്തതായി പറയുന്ന ഡയറിയിൽ വീണയുടെയും സാക്ഷികളുടെയും ഒപ്പുകളുള്ളതായി ഇ.ഡി. റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

റെഡ് ഡയറിയും ഇതുമായി ബന്ധപ്പെട്ട മൊഴികളും മാധ്യമസൃഷ്ടിയാണെന്ന തരത്തിൽ ചില സി.പി.എം. അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചാരണം നടക്കുന്നതിനിടെയാണ് കൂടുതൽ രേഖകൾ പുറത്തുവന്നത്.

വാട്‌സാപ്പ് ചാറ്റുകളിൽ ‘ഹവാല’ പരാമർശം

വാരിസിന്റെ വാട്‌സാപ്പ് ചാറ്റുകളിൽ ചില ഫോൺ നമ്പറുകൾക്ക് ഒപ്പം ‘ഹവാല’ എന്ന വാക്ക് ചേർത്താണ് സൂക്ഷിച്ചിരുന്നതെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. സുബൈർ കരുവാംപൊയിലിന്റെ നമ്പർ ‘സുബൈർ കൊടുവള്ളി ഹവാല’ എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടിലെ പരാമർശം.

മറ്റ് ചില നമ്പറുകൾക്ക് ‘ഹവാല ഏജന്റ്’ എന്ന വിശേഷണവും ചേർത്തിരുന്നതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. കറൻസി നോട്ടുകളുടെ നമ്പറുകൾ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. പണം കൈമാറുന്നതിനുള്ള കോഡ് സന്ദേശങ്ങളായാണ് ഇവയെ ഇ.ഡി. കാണുന്നത്.

കേരളത്തിൽ ശേഖരിച്ച പണം വലിയ തോതിൽ ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്ന ആരോപണവും ഇ.ഡി. ഉന്നയിച്ചിട്ടുണ്ട്.

കണ്ടെത്തിയതായി പറയുന്ന കള്ളപ്പണ ഇടപാടുകൾ അതത് പ്രദേശത്തെ പോലീസ് അന്വേഷിക്കേണ്ടതാണെന്ന പി.എം.എൽ.എ. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതെന്നാണ് വിവരം. ഇതിന് പിന്തുണ നൽകുന്ന കോടതി വിധികളും റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!