Tuesday, September 15, 2026

ഹിമാചലിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി; K.C വേണുഗോപാലിന്റെ ഇടപെടലിൽ ധാരണ

കൊച്ചി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി എത്തിക്കാൻ ധാരണ. കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്.

ഇതുസംബന്ധിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ.സി. വേണുഗോപാൽ ചർച്ച നടത്തി. നിലവിൽ തമിഴ്നാടിന് നൽകുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി നൽകുക.

കേരളത്തിൽ വൈദ്യുതി ക്ഷാമവും പവർകട്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വൈദ്യുതി ലഭ്യതയിലെ കുറവ് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ബാധിക്കുന്നതിനിടെ അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.

അതേസമയം, അയൽസംസ്ഥാനമായ തമിഴ്നാടും സമാനമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ വൈദ്യുതി മുടക്കം രൂക്ഷമായതോടെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഭരണ മുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ വൈദ്യുതി ബന്ധം അപ്രതീക്ഷിതമായി വിച്ഛേദിക്കപ്പെട്ടത് തത്സമയം വാർത്താ ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നു. സംഭവത്തോടെ തമിഴ്നാട് സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനം ശക്തമായി.

തുടർന്ന് രാത്രികാലങ്ങളിലെ തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. വൈദ്യുതി പ്രതിസന്ധി കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സർക്കാരുകൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!