ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ടൊറന്റോ-കെബെക് സിറ്റി അതിവേഗ റെയിൽവേക്കായി (High-Frequency Rail) ആദ്യമായി ഭൂമി സ്വന്തമാക്കി ക്രൗൺ കോർപ്പറേഷനായ ആൾട്ടോ (Alto). പദ്ധതിയുടെ നിർദ്ദിഷ്ട റൂട്ട് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തന്ത്രപ്രധാനമായ ഒരു സ്ഥലം വിപണിയിൽ ലഭ്യമായതിനെത്തുടർന്ന് കോർപ്പറേഷൻ ഇത് മുൻകൂട്ടി വാങ്ങുകയായിരുന്നു.
സുരക്ഷാ കാരണങ്ങളാലും റിയൽ എസ്റ്റേറ്റ് വിപണിയിലെ വിലക്കയറ്റം ഒഴിവാക്കാനുമായി ഈ സ്ഥലം എവിടെയാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ പായുന്ന അതിവേഗ ട്രെയിനുകളാണ് പദ്ധതിയുടെ ലക്ഷ്യം. കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, പീറ്റർബറോ, ഓട്ടവ, മൺട്രിയോൾ, ലാവൽ, ത്ര്വാ-റിവിയർ, കെബെക് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ ശൃംഖല. ഫെഡറൽ സർക്കാരിന്റെ കീഴിലുള്ള ആൾട്ടോയും സ്വകാര്യ പങ്കാളികളായ കാഡൻസ് (Cadence) കൺസോർഷ്യവും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓട്ടവയ്ക്കും മൺട്രിയോളിനും ഇടയിലുള്ള ആദ്യ പാതയുടെ നിർമ്മാണം 2029-ൽ ആരംഭിക്കും. 2030-കളുടെ മധ്യത്തോടെ ഈ റൂട്ടിൽ ആദ്യ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിൻ കടന്നുപോകുന്ന കൃത്യമായ റൂട്ട് മാപ്പ് ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കും.
അതേസമയം, പദ്ധതിക്കായി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതിനാൽ ഒന്റാരിയോയിലെയും കെബെക്കിലെയും കർഷക സംഘടനകളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബാധിക്കാത്ത രീതിയിൽ പദ്ധതി നടപ്പാക്കണമെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യം.
