ടൊറന്റോ: ടൊറന്റോയിൽ ജനവാസ മേഖലയിലുണ്ടായ വെടിവെപ്പിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടു. ടൊറന്റോ സ്വദേശിയായ 17 വയസുകാരൻ കാഷി അഗസ്റ്റെ (Cashie Auguste) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നോർത്ത് യോർക്കിലെ തിരക്കേറിയ തെരുവിലായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3:30 ഓടെ നോർത്ത് യോർക്കിലെ ജെയ്ൻ സ്ട്രീറ്റ്, ഫിഞ്ച് അവന്യൂ വെസ്റ്റ് ജങ്ഷന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.
വെടിയൊച്ച കേട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം കൗമാരക്കാരനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ അടിയന്തര പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് വിഭാഗം കേസ് ഏറ്റെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ഒരു സ്കേറ്റ്ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട കുട്ടിയുടേതാണോ അതോ അക്രമിയുടേതാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും, പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങളും ഡാഷ്ക്യാം റെക്കോർഡിങുകളും പൊലീസ് പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 24-ാമത്തെ കൊലപാതകമാണിത്.
