Thursday, September 17, 2026

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിച്ച് CMRL മുന്‍ CFO

കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നല്‍കിയ നിര്‍ണായക മൊഴി പൂര്‍ണ്ണമായി തള്ളി CMRL ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ. സുരേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് യാതൊരു സേവനവും നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നുമുള്ള മുന്‍ മൊഴിയാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണിക്കും കടുത്ത സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് അന്ന് അങ്ങനെയൊരു മൊഴി നല്‍കേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

2024 ഏപ്രില്‍ 15-ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം മെയ് 15-ന് തന്നെ മൊഴി പിന്‍വലിച്ചുകൊണ്ടുള്ള ‘റിട്രാക്ഷന്‍ സ്റ്റേറ്റ്മെന്റ്’ ഇഡിക്ക് നല്‍കിയിരുന്നുവെന്നും ഇതിന്റെ പകര്‍പ്പ് പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബലപ്രയോഗമോ ഭീഷണിയോ പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് സുരേഷ് കുമാര്‍ ആരോപിക്കുന്നു. 63 വയസ്സുള്ള തനിക്ക് പ്രമേഹം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും പുലര്‍ച്ചെ വരെ ഉറങ്ങാന്‍ അനുവദിക്കാതെയും ഭക്ഷണമോ മരുന്നോ നല്‍കാതെയും മാനസികമായി പീഡിപ്പിച്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യമുള്ള രീതിയില്‍ മൊഴി എഴുതി വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്സാലോജിക് സേവനങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ സുരേഷ് കുമാറിന്റെ ഈ മൊഴി പ്രധാന തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രധാന സാക്ഷി മൊഴി പിന്‍വലിക്കുന്നത് ഇഡിക്ക് നിയമപരമായി തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, മൊഴി മാത്രമായിരിക്കില്ല ബാങ്ക് ഇടപാടുകളും മറ്റ് സാമ്പത്തിക രേഖകളും തെളിവുകളായി സ്വീകരിച്ച് ഏജന്‍സി അന്വേഷണം തുടരുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!