Wednesday, September 16, 2026

പാക് നാവികസേനയുടെ കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ ഇടിച്ചു; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഡൽഹി: ഒമാന്റെ തീരത്തുനിന്ന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് അന്താരാഷ്ട്ര സമുദ്രപരിധിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാകിസ്താൻ നാവികസേനയുടെ കപ്പൽ ഇടിച്ചു. കടൽ പ്രക്ഷുബ്ധമായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

പാകിസ്താൻ നാവികസേനയുടെ ‘ഹുനൈൻ’ ക്ലാസ് കൊർവെറ്റാണ് ഇന്ത്യൻ യുദ്ധക്കപ്പലുമായി ഉരസിയത്. ഇന്ത്യൻ കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യൻ യുദ്ധക്കപ്പലിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ പാക് കപ്പൽ വേഗത കുറയ്ക്കുകയോ സുരക്ഷിതമായ അകലം പാലിക്കുകയോ ചെയ്തില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

സംഭവത്തെ തുടർന്ന് ഇരു കപ്പലുകളും സുരക്ഷിതമായി അകന്നുമാറി. അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാകിസ്താൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി.

ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫേഴ്സിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.

അന്താരാഷ്ട്ര സമുദ്രത്തിൽ ഇന്ത്യൻ-പാക് നാവികസേനാ കപ്പലുകൾക്കിടയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. 2011 ജൂണിൽ പാകിസ്താന്റെ ‘ബാബർ’ എന്ന കപ്പലും ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ഗോദാവരി’യും തമ്മിൽ സമാനമായ രീതിയിൽ കൂട്ടിയിടിയുടെ വക്കിലെത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!