കൊച്ചി: വയനാട്ടിലെ വീട്ടിൽ അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എസ്ഐടി പരിശോധനയ്ക്കിടെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന നടപടികൾക്കിടെയാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എക്സൈസ് സംഘം അദ്ദേഹവുമായി വയനാട്ടിലേക്ക് തിരിച്ചു.
മഹസർ വായിച്ചുകേൾപ്പിച്ച ശേഷവും എഫ്ഐആർ നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്ന നിലപാടിലായിരുന്നു ആന്റോ അഗസ്റ്റിൻ എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനെ തുടർന്ന് ചാനൽ ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.

വീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്ററിലധികം മദ്യമാണ് പിടിച്ചെടുത്തത്. വിദേശനിർമിത മദ്യം 43 ലിറ്റർ, വിദേശ വൈൻ 4.824 ലിറ്റർ, കേരള വൈൻ 5.5 ലിറ്റർ, മിലിട്ടറി ലിക്കർ 860 മില്ലിലിറ്റർ, വീട്ടിൽ നിർമിച്ച വൈൻ എന്ന് കരുതുന്ന പദാർഥം 12.75 ലിറ്റർ എന്നിവയാണ് പിടിച്ചെടുത്തതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.
കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണെന്ന് എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്നതും എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമായതിന് ശേഷമായിരിക്കും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക.
