ഡൽഹി: 2,000 രൂപക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ഇത് സാധാരണ യുപിഐ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്ന ഇടപാട് ഫീസല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
പുതിയ സംവിധാനത്തിൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) യുപിഐ ഇടപാടുകൾക്ക് തുക എത്രയായാലും ഫീസ് ഉണ്ടാകില്ല. ₹2,000 വരെയുള്ള വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കുള്ള (P2M) ഇടപാടുകളും സൗജന്യമായി തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്കാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാധകമാകുക.
പുതിയ നിരക്ക് 0.4 ശതമാനമായി നിശ്ചയിച്ചിട്ടുണ്ടെന്നും 75,000 രൂപയ്ക്കും അതിന് മുകളിലുമുള്ള ഇടപാടുകളിൽ പരമാവധി 300 രൂപ ആയി പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ നിർണായക മേഖലകളിൽ പ്രത്യേക നിരക്കാണ് ബാധകമാകുക.
എംഡിആർ സർക്കാർ ഈടാക്കുന്ന നികുതിയോ ഫീസോ അല്ലെന്നും ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ, യുപിഐ ആപ്പ് ദാതാക്കൾ തുടങ്ങിയ സംവിധാനത്തിലെ പങ്കാളികൾക്കിടയിൽ വിതരണം ചെയ്യുന്ന നിരക്കാണെന്നും കേന്ദ്രം വിശദീകരിച്ചു. ഏകദേശം 96 ശതമാനം P2M ഇടപാടുകളും പുതിയ എംഡിആറിന്റെ പരിധിയിൽ വരില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, പുതിയ സംവിധാനത്തിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എംഡിആർ ഏർപ്പെടുത്തുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെയും ബാധിക്കുമെന്നാണ് വിമർശനം.
വ്യാപാരികൾ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. ഇതോടെ ഡിജിറ്റൽ ഇടപാടുകളുടെ ഉപയോഗത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പുതിയ സംവിധാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും ഹർജി എത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പരിശോധനയും ബന്ധപ്പെട്ടവരുമായി കൂടിയാലോചനയും വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
