ഓട്ടവ: യൂറോപ്യന്‍ യൂണിയനുമായി (EU) കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാനുള്ള നീക്കം കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകാന്‍ സാധ്യതയെന്ന് അഭിപ്രായ സര്‍വേ വിദഗ്ദ്ധന് നിക് നാനോസ്. കാനഡയ്ക്ക് ഇ.യു ചരിത്രപരമായ ഒരു വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു – സംഘടനയുടെ ആദ്യ ‘അസോസിയേറ്റ് അംഗത്വം’ (Associate Membership). പൂര്‍ണ്ണ അംഗത്വമല്ലെങ്കിലും ഇത്തരം ഒരു പദവി ലഭിക്കുന്നത് വ്യാപാരമേഖലയിലും മറ്റും വലിയ സഹകരണത്തിന് വഴിയൊരുക്കും. കാനഡയും ഇ.യുവും തമ്മിലുള്ള സമാന മൂല്യങ്ങളും ജനാധിപത്യപരമായ കാഴ്ചപ്പാടുകളുമാണ് ഈ നിര്‍ദ്ദേശത്തിന് പിന്നിലെന്ന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ക്ഷണം കാര്‍ണി സ്വാഗതം ചെയ്തെങ്കിലും, കാനഡ പൂര്‍ണ്ണ അംഗത്വം ലക്ഷ്യമിടുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കാത്ത തരത്തിലുള്ള പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയ്ക്കും ഒരു പരിധിയുള്ളതുകൊണ്ടാണ് പ്രധാനമന്ത്രി ജാഗ്രത പാലിക്കുന്നത്. സര്‍വേ പ്രകാരം ഇ.യുമായി സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെ 80% കനേഡിയന്മാരും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അംഗത്വത്തിന്റെ കാര്യം വരുമ്പോള്‍ പിന്തുണ 50% ആയി കുറയുന്നു. അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തെയോ കൂട്ടായ്മയെയോ അമിതമായി ആശ്രയിക്കാന്‍ കനേഡിയന്‍ ജനത താല്പര്യപ്പെടുന്നില്ല.

കൂടാതെ, ഇ.യു മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് കനേഡിയന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം. നിലവിലുള്ള ‘സിഇടിഎ’ (CETA) വ്യാപാര കരാര്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് കാനഡ ശ്രമിക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ഇതിനിടെ, ഈ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയിട്ടുണ്ട്.
