Monday, September 21, 2026

ചെക്ക് മോഷ്ടിച്ച് 46 കോടിയോളം തട്ടിയെടുത്തു; നടി അംബികക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരിയും നടിയുമായ രാധ. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ അനുമതിയില്ലാതെ കൈവശപ്പെടുത്തി ഏകദേശം 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് രാധയുടെ പരാതി. ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മീഷണർക്ക് നേരിട്ടെത്തിയാണ് രാധ പരാതി നൽകിയത്.

തന്റെ വസതിയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളിൽ അഞ്ച് എണ്ണം തന്റെ അറിവോ അനുമതിയോ ഇല്ലാതെ കൈവശപ്പെടുത്തിയെന്നാണ് രാധ പരാതിയിൽ പറയുന്നത്. പിന്നീട് ഈ ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി സമർപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

ബിസിനസ് ആവശ്യങ്ങൾക്കായി രാധ ഒരു കറൻറ് അക്കൗണ്ട് നടത്തിയിരുന്നു. മുൻപ് ‘എആർഎസ് ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് 2025 ജനുവരിയിൽ ‘ആർആർ ഗാർഡൻസ്’ എന്ന പേരിലേക്ക് മാറ്റിയതിനെ തുടർന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചെന്നും രാധ പറയുന്നു. ഇതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തിയിരുന്നു.

സെപ്റ്റംബർ 17ന് അംബികയുടെ പേരിൽ അഞ്ച് ചെക്കുകൾ പണമാക്കുന്നതിനായി സമർപ്പിച്ചെന്ന വിവരം ബാങ്കിൽ നിന്ന് ലഭിച്ചതോടെയാണ് പഴയ ചെക്കുകളുടെ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നാണ് രാധയുടെ മൊഴി. തുടർന്ന് ഇടപാടുകൾ തടയാൻ ബാങ്കിനോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.

അംബികയ്ക്ക് താൻ യാതൊരു ചെക്കും നൽകിയിട്ടില്ലെന്നും, അത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തനിക്ക് യാതൊരു ബാധ്യതയുമില്ലെന്നും രാധ പരാതിയിൽ പറയുന്നു. ചെക്കുകളിൽ തുക എഴുതിച്ചേർത്തത് സഹോദരൻ മല്ലികാർജുനനാണെന്നും, അനധികൃത സാമ്പത്തിക നേട്ടത്തിനായി അംബികയും മല്ലികാർജുനനും ചേർന്ന് പ്രവർത്തിച്ചെന്നും രാധ ആരോപിച്ചു.

താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെ മുറിയിൽ നിന്ന് അനുവാദമില്ലാതെയാണ് ചെക്കുകളും മറ്റ് രേഖകളും എടുത്തതെന്നും പരാതിയിൽ പറയുന്നു. തറവാട്ട് സ്വത്തിലെ തന്റെ അവകാശം അനുഭവിക്കുന്നതിൽ നിന്ന് തന്നെ തടയുന്നതായും അവിടെ വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാന രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്നതായും രാധ ആരോപിച്ചു.

പരാതിയിലെ ആരോപണങ്ങൾ അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തണമെന്നും കുറ്റം തെളിയുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും രാധ പൊലീസിനോട് ആവശ്യപ്പെട്ടു.

80കളിൽ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരങ്ങളായിരുന്ന അംബികയും രാധയും സഹോദരിമാരാണ്. ഇരുവരും ഒരുകാലത്ത് മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളിൽ സജീവമായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട തർക്കം സംബന്ധിച്ച പുതിയ പരാതി സിനിമാ ആരാധകർക്കിടയിലും ശ്രദ്ധ നേടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!