Monday, September 21, 2026

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക്; വിദേശ വിദ്യാർഥികളുടെ എണ്ണത്തിലും നിയന്ത്രണം പരിഗണിച്ച് ഇറ്റലി

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം പൂർണമായി മറയ്ക്കുന്ന ബുർഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ നീക്കം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ ഇറ്റാലിയൻ സമൂഹത്തിലേക്കുള്ള ഏകീകരണം മെച്ചപ്പെടുത്തുകയും സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുകയുമാണ് നടപടികളുടെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം.

സ്‌കൂളുകളിൽ മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ തലയും കഴുത്തും മാത്രം മറയ്ക്കുന്ന ഹിജാബിന് നിർദേശിച്ച നിയന്ത്രണം ബാധകമാകില്ല. വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നീക്കത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും ഓരോ ക്ലാസിലോ സ്‌കൂളിലോ അനുവദിക്കാവുന്ന വിദേശ വിദ്യാർഥികളുടെ കൃത്യമായ പരിധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇറ്റാലിയൻ ഭാഷ അറിയാത്ത വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ ഭാഷ പഠിക്കണമെന്ന നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇറ്റാലിയൻ വിദ്യാഭ്യാസ സംവിധാനവുമായി കൂടുതൽ എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഒരു ക്ലാസിൽ ഇറ്റാലിയൻ ഭാഷ അറിയാത്ത ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രമാണെങ്കിൽ അധ്യാപകർക്കും സഹപാഠികൾക്കും അവരെ സ്കൂൾ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ സഹായിക്കാനാകുമെന്ന് മെലോണി ചൂണ്ടിക്കാട്ടി. എന്നാൽ ഇറ്റാലിയൻ ഭാഷ അറിയാത്ത കുട്ടികളുടെ എണ്ണം കൂടുതലാകുമ്പോൾ ഏകീകരണം കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.

വിദേശ വിദ്യാർഥികളുടെ സാന്നിധ്യം സംബന്ധിച്ച നിയന്ത്രണങ്ങളും മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ഇറ്റലിയിലെ കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുള്ള അന്തിമ നടപടികളും വിശദമായ മാനദണ്ഡങ്ങളും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!