Tuesday, September 22, 2026

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ കമ്പനി 56 കോടി GST അടക്കണം

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് നല്‍കാന്‍ ഒരുങ്ങി ജിഎസ്ടി വകുപ്പ്. നികുതി കുടിശ്ശികയ്ക്കൊപ്പം പലിശയും പിഴയും ഉള്‍പ്പെടുന്നതാണ് ഈ തുക. നികുതി വെട്ടിപ്പായി കണ്ടെത്തിയ 25.78 കോടി രൂപയുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ തുടര്‍നടപടി.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കിയ വിദേശ പണമിടപാടുകളില്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (RCM) പ്രകാരം ഐജിഎസ്ടി (IGST) അടച്ചില്ലെന്നാണ് സംസ്ഥാന ജിഎസ്ടി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ 22.68 കോടി രൂപയാണ് പ്രധാന നികുതി ബാധ്യതയായി കണക്കാക്കുന്നത്. വിദേശ നിയമോപദേശകര്‍ക്കടക്കം നടത്തിയ മറ്റ് ഇടപാടുകളില്‍ 34.15 ലക്ഷം രൂപയുടെ ഐജിഎസ്ടി ബാധ്യതയും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആകെ 25.78 കോടി രൂപയുടെ നികുതി ബാധ്യതയാണ് അന്വേഷണ സംഘം കണക്കാക്കിയത്.

ഇതിന് പുറമെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലും ക്രമക്കേട് കണ്ടെത്തിയതായി ജിഎസ്ടി അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഏകദേശം 2.75 കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിച്ചുപിടിക്കുന്നതിനും നടപടിയുണ്ടാകും. ഇതോടെ കമ്പനിക്ക് ജിഎസ്ടി വകുപ്പുമായി ബന്ധപ്പെട്ട് ആകെ 60 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുന്ന സാഹചര്യമാണുള്ളത്.

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബര്‍ ഏഴിന് സമര്‍പ്പിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ടിലാണ് 25.78 കോടി രൂപയുടെ നികുതി ബാധ്യത ചൂണ്ടിക്കാട്ടിയത്. ബാങ്ക് ഇടപാടുകളിലും പ്രഖ്യാപിച്ച ജിഎസ്ടി വിറ്റുവരവിലും വലിയ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, നികുതി ബാധ്യത സംബന്ധിച്ച ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തലുകളെ കമ്പനി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മെസ്സിയോ അര്‍ജന്റീന ടീമോ കേരളത്തില്‍ എത്തിയില്ലെന്നും അതിനാല്‍ ബന്ധപ്പെട്ട സേവനം ലഭ്യമായിട്ടില്ലെന്നുമാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രാഥമിക നിലപാട്. ഈ വാദം ഉള്‍പ്പെടെ തുടര്‍ന്നുള്ള നിയമനടപടികളില്‍ പരിശോധിക്കപ്പെടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!