തിരുവനന്തപുരം: മലപ്പുറത്തേക്കുള്ള ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രകൃതിദുരന്തവും മഴക്കെടുതിയും നേരിടുന്ന സാഹചര്യത്തിൽ മലപ്പുറത്തേക്ക് എത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും അതിനായി വിമാനയാത്ര നടത്തിയതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രയ്ക്കായി വിമാനം ആരാണ് സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഒരു മലയാളി സ്വകാര്യ വ്യക്തിയാണ് വിമാനം ഏർപ്പാട് ചെയ്ത് നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾ വിമാനം സ്പോൺസർ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇത് ഒരു ഔദാര്യമായി സ്വീകരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻപ് പലതവണ സ്വകാര്യ വ്യക്തികളുടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
യാത്രയ്ക്കായി സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ സർക്കാർ ധവളപത്രം പുറത്തിറക്കിയിട്ടുണ്ടെന്നും ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ആ തുക ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നൽകാനാണ് ഉപയോഗിക്കേണ്ടതെന്നും സതീശൻ വ്യക്തമാക്കി.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ രീതിയിൽ യാത്ര ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് സ്വന്തം പെട്ടി എടുക്കാനുള്ള ആരോഗ്യമുണ്ടെന്നും ഗൺമാന്മാരെ പോലും ഒപ്പം കൂട്ടാതെ ഒറ്റയ്ക്ക് ഡൽഹിയിലേക്ക് പോകുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും സതീശൻ പറഞ്ഞു.
അതേസമയം, ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിലൂടെ ഏകദേശം 80 ലക്ഷം രൂപയുടെ അധിക ചെലവ് ഉണ്ടാകുന്നുവെന്നും ഈ തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
