Thursday, September 24, 2026

തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം: ഇന്ന് നിർണായക വാർത്താസമ്മേളനവുമായി CJP

ഡൽഹി: എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ഉയരുന്നതിനിടെ വിഷയത്തിൽ ഇടപെടലിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുമെന്ന് സിജെപി വക്താവ് അശുതോഷ് റങ്ക അറിയിച്ചു.

‘ഗ്യാനേഷ് ബ്രോ, കളി കഴിഞ്ഞു ബ്രോ’ എന്നായിരുന്നു അശുതോഷ് റങ്ക എക്സിൽ കുറിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി ഡൽഹിയിലേക്ക് തിരിക്കുകയാണെന്നും ഉച്ചയ്ക്ക് 12ന് നിർണായക വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാക്കളിൽനിന്ന് ഉയർന്നിട്ടുണ്ട്. എസ്ഐആർ നടപടിയുമായി ബന്ധപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടും വിവിധ രാഷ്ട്രീയ കക്ഷികൾ വിമർശനം ഉന്നയിച്ചുവരികയാണ്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് കമ്മീഷൻ വിശദീകരണം നൽകിയിട്ടുണ്ട്. തീരുമാനമെടുക്കുന്നതിന് മുമ്പുള്ള ആഭ്യന്തര ചർച്ചകളുടെ ഭാഗമായി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് കമ്മീഷന്റെ വിശദീകരണം.

ഗ്യാനേഷ് കുമാറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിൽ എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് കമ്മീഷണർമാർ ചില നടപടികളിൽ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വന്നത്.

ഇതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിജെപി നിലപാട് വ്യക്തമാക്കാനാണ് വാർത്താസമ്മേളനം നടത്തുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ സംഘടനയുടെ സഹകൺവീനറായി പ്രവർത്തിക്കുന്ന അശുതോഷ് റങ്ക, നിലവിൽ സംഘടന ഒരു സമ്മർദസംഘമായി പ്രവർത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!