Thursday, September 24, 2026

സിനഗോഗിന് സമീപത്തെ വെടിവെപ്പ്: പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരം

ടൊറന്റോ: ഒന്റാരിയോയിലെ ബെല്ലെവില്ലെയിൽ ജൂത സിനഗോഗിന് നേരെയുണ്ടായ അക്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ജെഫ് സ്മിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഭാര്യ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തെത്തി. ജെഫ് സ്മിത്തിന് മുൻപിലുള്ളത് “ദീർഘവും പ്രയാസകരവുമായ ഒരു വീണ്ടെടുപ്പിന്റെ വഴിയാണ്” എന്ന് അവർ ബെല്ലെവില്ലെ പൊലീസ് പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബെല്ലെവില്ലെയിലെ ഒരു സിനഗോഗിന് സമീപമുണ്ടായ അക്രമം തടയുന്നതിനിടയിലാണ് കോൺസ്റ്റബിൾ ജെഫ് സ്മിത്തിന് പരുക്കേറ്റത്. സംഭവസ്ഥലത്ത് വെച്ച് പ്രതിയായ മുൻ കനേഡിയൻ സൈനികൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിലവിൽ ഒന്റാരിയോയിലെ പ്രത്യേക അന്വേഷണ വിഭാഗം (SIU) ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2013 മുതൽ ബെൽവിൽ പൊലീസ് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജെഫ് സ്മിത്ത് എമർജൻസി റെസ്പോൺസ് യൂണിറ്റിലെ ദീർഘകാല അംഗവും സഹപ്രവർത്തകരുടെ വിശ്വാസം നേടിയ ഉദ്യോഗസ്ഥനുമാണെന്ന് പൊലീസ് ഡെപ്യൂട്ടി ചീഫ് ഷെറി മീക്സ് പറഞ്ഞു. കാനഡ പ്രതിരോധ മന്ത്രാലയവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും പരുക്കേറ്റ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

വെടിവെപ്പിന് പിന്നാലെ ജെഫ് സ്മിത്തിനും കുടുംബത്തിനുമായി ആരംഭിച്ച ഓൺലൈൻ ധനസമാഹരണത്തിൽ ഏകദേശം നാല് ലക്ഷം കനേഡിയൻ ഡോളർ ലഭിച്ചതായും റിപ്പോർട്ടുണ്ട്. സിനഗോഗിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി മറ്റൊരു ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!