ഓട്ടവ: കാനഡയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഓള്‍ഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരന്റീഡ് ഇന്‍കം സപ്ലിമെന്റ് (GIS) നാളെ( 2026 സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച) മുതല്‍ വിതരണം ചെയ്യുമെന്ന് സര്‍വീസ് കാനഡ അറിയിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ മൂന്നാമത്തെയും അവസാനത്തെയും വിതരണമാണിത്. ജൂലൈയില്‍ വരുത്തിയ 1.2 ശതമാനം വര്‍ധനവിന് ശേഷമുള്ള അവസാന പേയ്‌മെന്റ് കൂടിയാണിത്.
നിലവില്‍ 65 നും 74 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രതിമാസം പരമാവധി 751.97 ഡോളറും, 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് 827.17 ഡോളറുമാണ് OAS ആയി ലഭിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് GIS തുക കൂടി ചേരുമ്പോള്‍ 65-74 പ്രായക്കാര്‍ക്ക് പ്രതിമാസം പരമാവധി 1,875.14 ഡോളറും, 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് 1,950.34 ഡോളറും വരെ ലഭിക്കും.

ഒക്ടോബര്‍ മുതല്‍ നിരക്കുകളില്‍ വര്‍ധന
2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തെ പെന്‍ഷന്‍ നിരക്കുകളില്‍ 1.4 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. ഒക്ടോബര്‍ 28-ന് വിതരണം ചെയ്യുന്ന പേയ്‌മെന്റ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ 65-74 പ്രായക്കാരുടെ OAS തുക ഏകദേശം 762.50 ഡോളറായും, 75 വയസ്സിന് മുകളിലുള്ളവരുടേത് 838.75 ഡോളറായും ഉയരും. അര്‍ഹരായവര്‍ക്ക് ഒഎഎസും ജിഐഎസും ചേര്‍ത്ത് യഥാക്രമം 1,901.39 ഡോളറും 1,977.64 ഡോളറും വരെ ലഭിക്കുന്നതാണ്.
ആര്‍ക്കൊക്കെ അര്‍ഹത?
കാനഡയില്‍ നിയമപരമായി താമസിക്കുന്ന 65 വയസ്സ് തികഞ്ഞവര്‍ക്കാണ് ഈ പെന്‍ഷന് അര്‍ഹതയുള്ളത്. 18 വയസ്സിന് ശേഷം കുറഞ്ഞത് 10 വര്‍ഷമെങ്കിലും കാനഡയില്‍ ജീവിച്ചവര്‍ക്ക് തുക ലഭിച്ചുതുടങ്ങും. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ളവരുടെ പെന്‍ഷന്‍ തുകയില്‍ കുറവ് വരുത്തും (OAS Recovery Tax). പ്രതിവര്‍ഷം 93,454 ഡോളറിന് മുകളില്‍ വരുമാനമുള്ളവരുടെ പെന്‍ഷന്‍ കുറയാന്‍ തുടങ്ങും. 65-74 വയസ്സുള്ളവരുടെ വാര്‍ഷിക വരുമാനം 152,062 ഡോളറോ, 75 വയസ്സിന് മുകളിലുള്ളവരുടെ വരുമാനം 157,923 ഡോളറോ കടന്നാല്‍ പെന്‍ഷന്‍ തുക മുഴുവനായി സര്‍ക്കാരിലേക്ക് തിരിച്ചടയ്‌ക്കേണ്ടി വരും.
സെപ്റ്റംബര്‍ 25-ലെ പേയ്‌മെന്റോടെ മൂന്നാം പാദ വിതരണം പൂര്‍ത്തിയാകും. ഈ വര്‍ഷത്തെ ശേഷിക്കുന്ന പേയ്‌മെന്റുകള്‍ ഒക്ടോബര്‍ 28, നവംബര്‍ 26, ഡിസംബര്‍ 22 എന്നീ തീയതികളില്‍ ലഭിക്കും. ഒക്ടോബര്‍ മുതലുള്ള ആനുകൂല്യങ്ങള്‍ പുതിയ വര്‍ധിപ്പിച്ച നിരക്കിലായിരിക്കും അക്കൗണ്ടുകളിലേക്ക് എത്തുക.
