Thursday, September 24, 2026

യുക്രെയ്‌ന് കൈത്താങ്ങായി കാനഡ; ഊര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര സഹായം

ഓട്ടവ: യുക്രെയ്‌നിലെ തകര്‍ന്ന വൈദ്യുതി ഗ്രിഡുകളും ഊര്‍ജ്ജ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര സഹായം പ്രഖ്യാപിച്ച് കാനഡ. വരുന്ന ശൈത്യകാലത്ത് രാജ്യം കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയും മാനുഷിക ദുരന്തവും നേരിടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുക്രെയ്‌നിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം കാനഡയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്‌നിലെ വൈദ്യുതി വിതരണ ശൃംഖലകള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കുമെന്ന് കാനഡ പ്രഖ്യാപിച്ചത്.

ഊര്‍ജ്ജ നിലയങ്ങള്‍, ജലവിതരണ ശൃംഖലകള്‍, സീവേജ് സംവിധാനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നഗരങ്ങളെ വാസയോഗ്യമല്ലാതാക്കി ജനങ്ങളെ ഒഴിപ്പിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. വരുന്ന തണുപ്പുകാലത്തെ ഒരു ആയുധമാക്കി മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള യുക്രെയ്‌നിന്റെ സംയോജന സമിതി അധ്യക്ഷ ഇവാന്ന ക്ലിംപുഷ്-സിന്‍സാദ്‌സെ ഓട്ടവയില്‍ വ്യക്തമാക്കി.

ഊര്‍ജ്ജ നിലയങ്ങള്‍ വേഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും സാമ്പത്തിക സഹായവും കാനഡ ഉടന്‍ കൈമാറും. തകര്‍ന്ന പവര്‍ ഗ്രിഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് പുറമെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് ചുറ്റും പ്രത്യേക സംരക്ഷണ കവചങ്ങള്‍ തീര്‍ക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. കൂടുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഇതിനായി കാനഡയില്‍ നിന്നും എത്തിച്ചുനല്‍കും.

കഴിഞ്ഞ വേനല്‍ക്കാലത്തുടനീളം റഷ്യ യുക്രെയ്‌നിയന്‍ നഗരങ്ങള്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണമാണ് അഴിച്ചുവിട്ടത്.യുക്രെയ്‌നിലെ പ്രധാന നഗരങ്ങളെയെല്ലാം ഇരുട്ടിലാക്കാന്‍ റഷ്യന്‍ സേനയ്ക്ക് സാധിച്ചിരുന്നു. വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതോടെ രാജ്യത്തെ പല പ്രവിശ്യകളിലും മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആശുപത്രികളുടെയും അടിയന്തര സേവനങ്ങളുടെയും പ്രവര്‍ത്തനം പോലും നിലയ്ക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ഈ പ്രതിസന്ധി അതിജീവിക്കാന്‍ അത്യാവശ്യമായ ജനറേറ്ററുകളും മറ്റ് ബദല്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളും കാനഡ വഴി എത്തിച്ചുനല്‍കും. പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്ക് ആവശ്യമായ ചൂട് ഉറപ്പാക്കാന്‍ പ്രത്യേക ഹീറ്റിംഗ് സെന്ററുകളും സജ്ജമാക്കുന്നുണ്ട്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് നിലവില്‍ പ്രാഥമിക പരിഗണന നല്‍കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ സാങ്കേതിക വിദഗ്ദ്ധരെയടക്കം ഉക്രെയ്‌നിലേക്ക് അയക്കാന്‍ കാനഡ ഉദ്ദേശിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. റഷ്യന്‍ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉക്രെയ്ന്‍ നടത്തുന്ന പോരാട്ടത്തിന് ഇത് വന്‍ കരുത്തേകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!