ടൊറന്റോ: ബെല്‍വല്ലിലുളള ‘സണ്‍സ് ഓഫ് ജേക്കബ്’ സിനഗോഗില്‍ ആക്രമണം നടത്തുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ പ്രതി തീവ്രമായ ജൂതവിരുദ്ധ വിദ്വേഷവും കുടിയേറ്റ വിരുദ്ധ മനോഭാവവും വെച്ചുപുലര്‍ത്തിയിരുന്നതായി കണ്ടെത്തല്‍. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ജൂതര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപ വാക്കുകള്‍ ചേര്‍ത്ത് യൂസര്‍നെയിം സൃഷ്ടിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. ‘വണ്‍സ് ഹ്യൂമന്‍’ എന്ന ഓണ്‍ലൈന്‍ ഗെയിമില്‍ ജൂതവിരുദ്ധ വാക്ക് സെന്‍സര്‍ഷിപ്പ് കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെ ‘kitekiller’ എന്ന പേര് ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രതിയുടെ ബാല്യകാല സുഹൃത്ത് വെളിപ്പെടുത്തി.
തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പ്രതി കടുത്ത വിഷാദത്തിലായിരുന്നുവെന്നും കുടിയേറ്റക്കാരാണ് തന്റെ ജോലി സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന് വിശ്വസിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പ്രതിയുടെ പെരുമാറ്റത്തിലും രൂപത്തിലും വലിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു. മുന്‍പ് കനേഡിയന്‍ ആംഡ് ഫോഴ്‌സിലെ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ സേവനമനുഷ്ഠിച്ചിരുന്ന പ്രതി കോവിഡ് വാക്‌സിനേഷന്‍ നയം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് പുറത്തായത്.

സംഭവത്തില്‍ ഔദ്യോഗികമായി ആക്രമണത്തിന്റെ കൃത്യമായ കാരണം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സമീപകാലത്തായി കാനഡയിലുടനീളം ജൂത ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവത്തെയും കാണുന്നത്.
