Friday, September 25, 2026

ചെലവ് ചുരുക്കല്‍: വടക്കേ അമേരിക്കയില്‍ 250 സ്റ്റോറുകള്‍ പൂട്ടാന്‍ ഒരുങ്ങി ‘സ്റ്റാര്‍ബക്ക്‌സ്’

ന്യൂയോര്‍ക്ക്: വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാത്തതിനെ തുടര്‍ന്ന് വടക്കേ അമേരിക്കയിലെ 250 കോഫി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി
കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്ക്‌സ്. തങ്ങളുടെ ബിസിനസ്സ് ശൃംഖല കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക നടപടി എന്നാണ് സ്റ്റാര്‍ബക്ക്‌സ് അറിയിക്കുന്നത്.

ഐക്കോണിക് സീറ്റില്‍ റോസ്റ്ററി ഉള്‍പ്പെടെ നോര്‍ത്ത് അമേരിക്കയിലെ ലാഭകരമല്ലാത്ത നിരവധി സ്റ്റോറുകള്‍ പൂട്ടി ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ തീരുമാനം. മുന്‍പ് നടത്തിയ പുനഃസംഘടനയില്‍ കമ്പനിക്ക് ഏകദേശം 1 ബില്യണ്‍ യു.എസ് ഡോളറിന്റെ ചെലവാണ് വന്നിരുന്നത്. നോര്‍ത്ത് അമേരിക്കയിലുള്ള ആകെ 18,000 സ്റ്റോറുകളില്‍ ഒരു ശതമാനത്തോളമാണ് ഇപ്പോള്‍ പൂട്ടുന്നത്. പുതിയ തീരുമാനത്തോടെ കമ്പനിക്ക് പുനഃസംഘടനാ ചെലവിനത്തില്‍ 300 ദശലക്ഷം യു.എസ് ഡോളര്‍ ബാധ്യതയുണ്ടാകും. 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഭൂരിഭാഗം ഔട്ട്ലെറ്റുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2026 സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തില്‍ 600 മുതല്‍ 650 വരെ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കാനായിരുന്നു സ്റ്റാര്‍ബക്‌സ് നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് 440 ആയി കുറച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിപ്പോട്ട്‌ലെ മെക്‌സിക്കന്‍ ഗ്രില്ലിന്റെ മുന്‍ മേധാവിയായ ബ്രയാന്‍ നിക്കോള്‍ സ്റ്റാര്‍ബക്‌സ് സി.ഇ.ഒ ആയി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയത്. കമ്പനിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനായി ‘ബാക്ക് ടു സ്റ്റാര്‍ബക്‌സ്’ (Back to Starbucks) എന്ന പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു.

ഉപഭോക്താക്കള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന സമയം കുറയ്ക്കുക, മെനു ലളിതമാക്കുക, കോര്‍പ്പറേറ്റ് തലത്തിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, പ്രാദേശിക ഓഫീസുകള്‍ പൂട്ടുക തുടങ്ങിയ കര്‍ശന നടപടികളിലൂടെ ചെലവ് നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ഇതിന്റെ ഫലമായി ജൂലൈ വരെ തുടര്‍ച്ചയായ നാല് പാദങ്ങളില്‍ കമ്പനി വില്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ഇന്ധനത്തിനും ഭക്ഷണസാധനങ്ങള്‍ക്കും വില കൂടിയതോടെ സാധാരണക്കാരായ ഉപഭോക്താക്കള്‍ അനാവശ്യ ചെലവുകള്‍ ചുരുക്കാന്‍ തുടങ്ങിയപ്പോഴും സ്റ്റാര്‍ബക്‌സിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ ചെലവ് ചുരുക്കലും ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും, വില്പനയും ലാഭവും പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ലെങ്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ അത് ബാധിച്ചേക്കാമെന്നും വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!