ഡൽഹി: ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്തിന് മുന്നോടിയായി രാജ്യത്ത് ഗൃഹോപകരണങ്ങളുടെ വില ഉയർന്നേക്കും. എസി, ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഒക്ടോബർ 1 മുതൽ വിവിധ കമ്പനികൾ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസിയുടെ വിലയിൽ ഏകദേശം 5 മുതൽ 8 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കോപ്പർ, സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, ക്രൂഡ് ഓയിൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതാണ് പ്രധാന കാരണം. ഇതിന് പുറമെ ചരക്ക് ഗതാഗത ചെലവിലെ വർധനയും രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും കമ്പനികളുടെ ഉൽപ്പാദനച്ചെലവ് ഉയർത്തിയിട്ടുണ്ട്. ഈ വർഷം ഇത് മൂന്നാം തവണയാണ് പല ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിക്കുന്നത്.

ബ്ലൂ സ്റ്റാർ, ഗോദ്റേജ് അപ്ലയൻസസ്, ഹയര്‍, ഡൈകിൻ തുടങ്ങിയ കമ്പനികൾ വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ചില ഉൽപ്പന്നങ്ങൾക്ക് 4 മുതൽ 10 ശതമാനം വരെ വില ഉയർന്നേക്കും. എൽജിയും ഹിറ്റാച്ചി ബ്രാൻഡിന്റെ ഉടമയായ ബോഷ് ഹോം കംഫർട്ടും എസിയുടെ വില ഏകദേശം 5 ശതമാനം വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പാനസോണിക് വില വർധന സംബന്ധിച്ച് വിപണി സാഹചര്യം വിലയിരുത്തുകയാണ്.
എസിക്ക് പുറമെ വാഷിങ് മെഷീൻ, ഫ്രിഡ്ജ്, എൽഇഡി ടിവി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ചില കമ്പനികൾ 3 മുതൽ 4 ശതമാനം വരെ വില വർധിപ്പിച്ചേക്കും. എന്നാൽ എല്ലാ കമ്പനികളും ഒരേസമയം വില ഉയർത്തണമെന്നില്ല. നിലവിലുള്ള സ്റ്റോക്ക്, വിപണിയിലെ ആവശ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും കമ്പനികൾ വില വർധന നടപ്പാക്കുക.
അതേസമയം, വ്യാപാരികളുടെ കൈവശമുള്ള പഴയ സ്റ്റോക്ക് കാരണം ഉത്സവകാലത്തും ചില ഉൽപ്പന്നങ്ങൾ പഴയ വിലയ്ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. വിലവർധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇത് ആശ്വാസമാകുമെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ.
