ടൊറന്റോ: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരുക്ക്. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അപകടമുണ്ടായത്.
പുലർച്ചെ നാല് മണിയോടെ കിങ് സ്ട്രീറ്റ് വെസ്റ്റിനും റോൺസെസ്വാലസ് അവന്യൂവിനും സമീപം വാഹനാപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒരു വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചശേഷം സമീപത്തെ വീടിലും ഇടിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്ത് ഗതാഗതതടസ്സത്തിന് സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
