Sunday, September 27, 2026

താരിഫ് പ്രതിസന്ധി: കാനഡ-US വ്യാപാര ചർച്ചകൾ പുനരാരംഭിക്കണമെന്ന് വ്യാപാരികൾ

ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം ബിസിനസ് മേഖലയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം വേണമെന്ന് കനേഡിയൻ വ്യാപാരികൾ. യുഎസ് ഏർപ്പെടുത്തിയ അധിക താരിഫുകൾ അതിർത്തി കടന്നുള്ള വിതരണ ശൃംഖലയെ ആശ്രയിക്കുന്ന നിരവധി കനേഡിയൻ സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് ഉയർത്തിയതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഓട്ടവയിലെ ഇൻഫിനിറ്റി ഫ്ലോറിങ് ഉൾപ്പെടെയുള്ള കുടുംബ ബിസിനസുകൾ വ്യാപാര തർക്കത്തിന്റെ പ്രത്യാഘാതം നേരിടുകയാണ്. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നിർമാണ സാമഗ്രികൾക്ക് 25 മുതൽ 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയതോടെ പല ഉൽപ്പന്നങ്ങളുടെയും വില ഗണ്യമായി ഉയർന്നതായി വ്യാപാരികൾ പറയുന്നു. പ്രാദേശികമായി ആവശ്യത്തിന് ബദൽ ഉൽപ്പന്നങ്ങൾ ലഭ്യമല്ലാത്തതിനാൽ വരും ദിവസങ്ങളിൽ ഉൽപ്പന്ന ലഭ്യതയിലും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അതേസമയം, വ്യാപാര തർക്കത്തിൽ ഉടൻ ധാരണയിലെത്താൻ യുഎസ് ഭരണകൂടത്തിന് തിടുക്കമില്ലെന്ന നിലപാടാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ വ്യക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കെല്ലി ആൻ ഷായും ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകളിൽ വലിയ വ്യത്യാസമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

നേരത്തെ ധാരണയിലെത്താൻ ശ്രമിച്ച കരാറിൽ നിന്ന് കാനഡ പിന്മാറിയെന്നാണ് വാഷിങ്ടണിന്റെ വാദം. അതിനാൽ ചർച്ചകൾ പുനരാരംഭിക്കാൻ കാനഡയാണ് മുൻകൈയെടുക്കേണ്ടതെന്ന നിലപാടും യുഎസ് മുന്നോട്ടുവയ്ക്കുന്നു.

ഔദ്യോഗിക തലത്തിലുള്ള വ്യാപാര ചർച്ചകൾ മന്ദഗതിയിലായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലും സമ്മർദം ശക്തമായിട്ടുണ്ട്. മദ്യം, ക്ഷീരോൽപ്പന്നങ്ങൾ, മോട്ടോർസൈക്കിളുകൾ തുടങ്ങിയ കനേഡിയൻ ഉൽപ്പന്നങ്ങളെ ബാധിക്കുന്ന കൂടുതൽ വ്യാപാര നിയന്ത്രണങ്ങൾ യുഎസ് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

താരിഫുകളും മറ്റ് വ്യാപാര നിയന്ത്രണങ്ങളും ബിസിനസുകളുടെ പ്രവർത്തനത്തെയും തൊഴിലുകളെയും ബാധിക്കുമെന്ന ആശങ്കയാണ് കനേഡിയൻ വ്യാപാര മേഖലയിൽ ഉയരുന്നത്. ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ ധാരണയിലെത്തി വ്യാപാര പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് വ്യാപാര സമൂഹത്തിന്റെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!