Sunday, September 27, 2026

ആൽബർട്ടയിൽ 120 കി.മീ. വേഗപരിധിക്ക് ഭൂരിപക്ഷ പിന്തുണ; സുരക്ഷയിൽ ആശങ്കയും

എഡ്മിന്റൻ: പ്രധാന ഹൈവേകളിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്തുന്നതിനെ പിന്തുണച്ച് ആൽബർട്ടയിലെ ഭൂരിഭാഗം പേരും. പ്രവിശ്യാ സർക്കാർ നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ടുപേരും വേഗപരിധി ഉയർത്തുന്നതിനെ അനുകൂലിച്ചതായി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

2025 നവംബർ 7 മുതൽ ഡിസംബർ 12 വരെ നടന്ന സർവേയിൽ ഏകദേശം 60,000 പേരാണ് പങ്കെടുത്തത്. എന്നാൽ ഇത് പൊതുജനങ്ങളിൽ നിന്ന് സ്വമേധയാ അഭിപ്രായങ്ങൾ ശേഖരിച്ച സർവേയായതിനാൽ, ഫലങ്ങൾ മുഴുവൻ ജനസംഖ്യയെയും കൃത്യമായി പ്രതിനിധീകരിക്കുന്നതായി കണക്കാക്കാനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രായം കൂടുന്തോറും വേഗപരിധി ഉയർത്തുന്നതിനുള്ള പിന്തുണ കുറഞ്ഞതായും സർവേയിൽ കണ്ടെത്തി. 35 വയസിന് താഴെയുള്ളവരിൽ ഏകദേശം 87 ശതമാനം പേർ വേഗപരിധി ഉയർത്തുന്നതിനെ ശക്തമായി അല്ലെങ്കിൽ ഭാഗികമായി പിന്തുണച്ചു. 35 മുതൽ 54 വയസുവരെയുള്ളവരിൽ ഇത് 76 ശതമാനമായപ്പോൾ 55 വയസും അതിൽ കൂടുതലുമുള്ളവരിൽ പിന്തുണ 50 ശതമാനമായി കുറഞ്ഞു.

വേഗപരിധി ഉയർത്തുന്നതിനെ പിന്തുണച്ചവരിൽ പ്രധാനമായും യാത്രാസമയം കുറയ്ക്കാനാകുമെന്ന വാദമാണ് ഉയർന്നത്. ഉയർന്ന വേഗപരിധി പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് പകുതിയിലധികം പേർ അഭിപ്രായപ്പെട്ടു. നിലവിലെ 110 കിലോമീറ്റർ വേഗപരിധി പല ഡ്രൈവർമാരും ഇതിനകം മറികടക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.

അതേസമയം, സുരക്ഷ സംബന്ധിച്ച ആശങ്കകളും സർവേയിൽ വ്യാപകമായി ഉയർന്നു. നൂറുകണക്കിന് പേർ വേഗത കൂടുന്നത് അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. അപകടങ്ങൾ, ഗുരുതര പരിക്കുകൾ, മരണങ്ങൾ എന്നിവ വർധിക്കാനുള്ള സാധ്യതയാണ് വേഗപരിധി ഉയർത്തുന്നതിനെ എതിർത്തവർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ഹൈവേകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി വേഗപരിധി വർധിപ്പിക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണി, കുഴികൾ നികത്തൽ, പാതകളുടെ എണ്ണം വർധിപ്പിക്കൽ, ഇലക്ട്രോണിക് സൈൻബോർഡുകൾ സ്ഥാപിക്കൽ, ശൈത്യകാല റോഡ് പരിപാലനം മെച്ചപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും സർവേയിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.

ആൽബർട്ടയിലെ ഹൈവേ 2-ലെ തിരഞ്ഞെടുത്ത ഭാഗത്ത് 120 കിലോമീറ്റർ വേഗപരിധി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അപകടങ്ങൾ കുറഞ്ഞതായി ആർസിഎംപിയും പ്രവിശ്യാ സർക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു.

പരീക്ഷണ പദ്ധതി ഇപ്പോൾ 44 കിലോമീറ്റർ വരെ നീട്ടിയിട്ടുണ്ട്. റോഡുകളിലെ വിവരങ്ങൾ വിലയിരുത്തിയ ശേഷം ഗ്രാമീണ വിഭജിത ഹൈവേകളുടെ കൂടുതൽ ഭാഗങ്ങളിലേക്ക് 120 കിലോമീറ്റർ വേഗപരിധി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ഡെവിൻ ഡ്രിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ആൽബർട്ടയിലെ എല്ലാ ഹൈവേകളും ഉയർന്ന വേഗതയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടില്ലെന്ന് മുൻ ഗതാഗത എൻജിനീയർ മാർക്ക് പെറി പറഞ്ഞു. ഹൈവേ 2-ലെ നിലവാരത്തിലുള്ള മാറ്റങ്ങൾക്കും ഗ്രേഡ്-ലെവൽ കവലകൾ ഇന്റർചേഞ്ചുകളാക്കി മാറ്റുന്നതിനുമായി വൻതുക ചെലവാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!