കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ അധിക്ഷേപ പരാമർശ കേസിലെ ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരാകില്ല. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്നാരോപിച്ച് വ്യാജ രേഖകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാജു പി. നായരുടെ മൊഴി കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
ഈ മാസം 10ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം. കോടികൾ വിലമതിക്കുന്ന വാർത്തയെന്ന അവകാശവാദവുമായി രണ്ടുപേർ സതീശന്റെ പേരിലുള്ള വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും നോട്ടീസിന്റെയും പകർപ്പുകളുമായി തന്നെ സമീപിച്ചിരുന്നുവെന്നാണ് ആന്റോ അഗസ്റ്റിൻ പറഞ്ഞത്.

അതേസമയം, അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ജിഎസ്ടി വെട്ടിപ്പിലും പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി റിപ്പോർട്ടർ ചാനൽ ഓഫീസിൽ പൊലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.
ഈ കേസിലും പൊലീസ് നടപടി ഉണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് രണ്ട് കേസുകളിലും മുൻകൂർ ജാമ്യം തേടി ആന്റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം കൈവശം വെച്ചെന്ന കേസിൽ എക്സൈസ് കസ്റ്റഡിയിലായിരുന്ന ആന്റോ അഗസ്റ്റിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.
