Monday, September 28, 2026

തൊഴില്‍ വിരുദ്ധ സമീപനം; എയര്‍ കാനഡയുടെ നിയുക്ത C.E.Oയ്‌ക്കെതിരെ പൈലറ്റ് യൂണിയന്‍

ഓട്ടവ: എയര്‍ കാനഡയുടെ നിയുക്ത പ്രസിഡന്റും സി.ഇ.ഒ.യുമായ അങ്കോ വാന്‍ ഡെര്‍ വെര്‍ഫ് നിലവില്‍ തലപ്പത്തിരിക്കുന്ന സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ (എസ്.എ.എസ്.) നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ കനേഡിയന്‍ പൈലറ്റ് യൂണിയന്‍ രംഗത്തെത്തി. യൂണിയന്‍ പ്രതിനിധിയായ പൈലറ്റിനെ പിരിച്ചുവിട്ട എസ്.എ.എസ്. മാനേജ്മെന്റിന്റെ നടപടി പ്രതികാരബുദ്ധിയോടെയുള്ളതാണെന്നും തൊഴില്‍വിരുദ്ധമാണെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ (ആല്‍പ) കാനഡ ആരോപിച്ചു.

സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിലെ മുതിര്‍ന്ന പൈലറ്റും സ്വീഡിഷ് പൈലറ്റ്‌സ് അസോസിയേഷന്‍ ചെയര്‍മാനുമായ ക്യാപ്റ്റന്‍ മത്യാസ് ആമാന്‍ തീലിനെ കഴിഞ്ഞ മാസമാണ് കമ്പനി പുറത്താക്കിയത്. യൂണിയന്‍ ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച സമയത്ത് വിദേശത്തേക്ക് യാത്ര ചെയ്തു എന്നാരോപിച്ചാണ് നടപടിയെങ്കിലും, താന്‍ റിമോട്ട് ജോലിയാണ് ചെയ്തിരുന്നതെന്ന് തെളിയിച്ച് തീല്‍ സ്വീഡിഷ് ലേബര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തീലിനെ ഉടനടി തിരിച്ചെടുക്കണമെന്ന് സ്വീഡിഷ് ലേബര്‍ കോര്‍ട്ടും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എയര്‍ ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വസന്തകാലത്ത് വേതന വര്‍ധനവുമായി ബന്ധപ്പെട്ട് പൈലറ്റുമാരും മാനേജ്മെന്റും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയന്‍ നേതാവിനെതിരെയുള്ള അച്ചടക്ക നടപടിയെന്നത് പ്രതികാര നടപടിയാണെന്ന സംശയം ശക്തമാക്കുന്നു. അങ്കോ വാന്‍ ഡെര്‍ വെര്‍ഫിന് അയച്ച കത്തില്‍, ഈ വിഷയം അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എയര്‍ കാനഡയിലെ ജീവനക്കാരുമായുള്ള അദ്ദേഹത്തിന്റെ ഭാവി സമീപനം വ്യക്തമാക്കുമെന്ന് ആല്‍പ കാനഡ പ്രസിഡന്റ് ടിം പെറി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, വ്യക്തിപരമായ തൊഴില്‍ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ച എസ്.എ.എസ്. വക്താവ്, പദവി വ്യത്യാസമില്ലാതെ എല്ലാ ജീവനക്കാര്‍ക്കും ഒരേ നിയമമാണ് ബാധകമെന്നും വ്യക്തമാക്കി. വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ കാനഡ ഔദ്യോഗികമായി തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!