മണ്‍ട്രിയോള്‍: കെബെക് സ്വതന്ത്ര രാജ്യമാകുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാനഡയില്‍ വീണ്ടും സജീവമാകുന്നു. സര്‍വേകളില്‍ പാര്‍ട്ടി കെബെകോയ് (PQ) മുന്നേറുന്ന സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍, കാനഡയില്‍ നിന്ന് വിട്ടുപോകുന്നതിനെക്കുറിച്ച് ആല്‍ബര്‍ട്ട പ്രവിശ്യ നടത്തിയ പഠന റിപ്പോര്‍ട്ട് കെബെക്കിനും വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്.
അധികാരത്തില്‍ തിരിച്ചെത്തിയാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2029 ജനുവരിക്ക് ശേഷം സ്വാതന്ത്ര്യത്തിനായി വോട്ടെടുപ്പ് (റഫറണ്ടം) നടത്തുമെന്നാണ് പാര്‍ട്ടി കെബെകോയ് ലീഡര്‍ പോള്‍ സ്റ്റി-പിയറി പ്ലാമന്ഡണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനിശ്ചിതാവസ്ഥ സ്വതന്ത്ര പ്രവിശ്യാ നീക്കങ്ങളെ ബാധിക്കുമെന്നതിനാലാണ് ഈ കാലതാമസം. 1994-ല്‍ ജാക്ക് പരിസോയുടെ നേതൃത്വത്തിലുള്ള പി.ക്യു. സര്‍ക്കാരിന് ശേഷം ആദ്യമായാണ് റഫറണ്ടം വാഗ്ദാനവുമായി പാര്‍ട്ടി അധികാരത്തിലേക്ക് എത്തുവാന്‍ ഒരുങ്ങുന്നത്. റഫറണ്ടം നടത്തുന്നതിനായി 130 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് പാര്‍ട്ടി കെബെകോയിന്റെ 2026-ലെ ഇലക്ഷന് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടിയുടെ അഞ്ചൂറിലധികം പേജുകളുള്ള ‘ലിവ്റെ ബ്ലൂ’ (Livre bleu) രേഖ സ്വാതന്ത്ര്യം നേടുന്നതിലൂടെ പ്രവിശ്യയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് അവകാശപ്പെടുന്നത്. ഫെഡറല്‍ തലത്തിലെ ഇരട്ടിപ്പുകളും ധനനഷ്ടങ്ങളും അവസാനിപ്പിക്കുന്നതിലൂടെ കോടികണക്കിന് ഡോളര്‍ ലാഭിക്കാമെന്ന് പാര്‍ട്ടി നേതാവ് അവകാശപ്പെടുന്നു. ഫെഡറല്‍ ഏജന്‍സികള്‍ ഏകീകരിക്കുന്നതിലൂടെ 13 ബില്യണ്‍ മുതല്‍ 16 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, സ്വന്തമായി സൈന്യത്തെയോ അതിര്‍ത്തി സുരക്ഷാ സേനയെയോ സ്ഥാപിക്കുന്നതിനുള്ള ചിലവുകള്‍ ഈ റിപ്പോര്‍ട്ടില്‍ കൃത്യമായി വ്യക്തമാക്കുന്നില്ല.
170 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കാം
അതേസമയം, ആല്‍ബര്‍ട്ട പ്രവിശ്യാ സര്‍ക്കാര്‍ കമ്മീഷന് ചെയ്ത പുതിയ പഠനം തികച്ചും വ്യത്യസ്തമായ ഒരു സാമ്പത്തിക ചിത്രമാണ് നല്‍കുന്നത്. കാനഡയില്‍ നിന്ന് ആല്‍ബര്‍ട്ട വേര്‍പിരിയുന്നത് അഞ്ച് വര്‍ഷത്തിനിടയില്‍ 50 ബില്യണ്‍ മുതല്‍ 170 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാക്കാമെന്ന് സര്‍വകലാശാല വിദഗ്ദ്ധര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാനഡയില്‍ നിന്നുള്ള വേര്‍പിരിയല്‍ കെബെക്കിന്റെ ജി.ഡി.പി കുറയ്ക്കുമെന്നും ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. മുന്‍പ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നപ്പോള്‍ (ബെക്സിറ്റ്) നേരിട്ട സാമ്പത്തിക മന്ദഗതിക്ക് സമാനമായ പ്രതിസന്ധി കെബെക്കും നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
ഒക്ടോബര്‍ 5-ന് കെബെക്കില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, സാമ്പത്തിക അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന ഈ റഫറണ്ട നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികളായ കോളിഷന്‍ അവനിര്‍ ക്യുബെക് (CAQ), കെബെക് ലിബറല്‍ പാര്‍ട്ടി എന്നിവര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തെ ഭയപ്പെടേണ്ടതില്ലെന്നും പ്രവിശ്യയുടെ ഭാവി സുരക്ഷിതമാക്കാനുള്ള ധീരമായ ചുവടുവെപ്പാണിതെന്നും പി.ക്യു. നേതാവ് വ്യക്തമാക്കുന്നു.
