മിലാന്‍: സ്‌കൂളുകളില്‍ പൂര്‍ണമായി മുഖം മറയ്ക്കുന്ന ബുര്‍ഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ മുസ്‌ലിം സമൂഹത്തില്‍ നിന്നും വിദ്യാഭ്യാസ രംഗത്തുനിന്നും ശക്തമായ വിമര്‍ശനം. പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മുന്നോട്ടുവെച്ച ഈ നിര്‍ദേശം, വളരെ ചെറിയൊരു വിഭാഗം മാത്രം ഉപയോഗിക്കുന്ന വസ്ത്രത്തെ വലിയൊരു പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ലിംഗസമത്വവും സാമൂഹിക സംയോജനവും മുന്‍നിര്‍ത്തിയാണ് നീക്കമെന്നാണ് സര്‍ക്കാരിന്റെ വാദം. സ്‌കൂളുകളില്‍ എല്ലാവരും മുഖം മറയ്ക്കാതെ എത്തണമെന്നും, പാരമ്പര്യത്തിന്റെ പേരില്‍ യുവതികളെ വസ്ത്രധാരണത്തിന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മെലോണി വ്യക്തമാക്കി. സര്‍ക്കാര്‍ തയ്യാറാക്കിയ ഉത്തരവില്‍ ബുര്‍ഖ, നിഖാബ് എന്നീ വാക്കുകള്‍ നേരിട്ട് ഉപയോഗിച്ചിട്ടില്ലെങ്കിലും സ്‌കൂളുകളില്‍ വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറയ്ക്കുന്നത് പൂര്‍ണമായി വിലക്കുന്നുണ്ട്.

എന്നാല്‍, ഈ തീരുമാനം അനാവശ്യ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്ന് മിലാനിലെ അല്‍വാഹിദ് മസ്ജിദ് ഇമാം യഹ്യ പല്ലാവിച്ചിനി ആരോപിച്ചു. വളരെ ചെറിയൊരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് ഇസ്‌ലാമിനെക്കുറിച്ചുള്ള പൊതുധാരണയെ തെറ്റായി സ്വാധീനിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അല്‍ ജസീറയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടുന്നില്ലെന്നും, മുഖം പൂര്‍ണമായി മറച്ച വിദ്യാര്‍ഥികള്‍ വിരളമാണെന്നും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ഇറ്റലിയിലെ അന്‍സ വാര്‍ത്താ ഏജന്‍സിയുടെ കണക്കുപ്രകാരം 500 മുതല്‍ 600 വരെ വിദ്യാര്‍ഥിനികള്‍ മാത്രമാണ് നിലവില്‍ ഇത്തരത്തില്‍ പൂര്‍ണമായി മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്ന സര്‍ക്കാരെന്ന സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ റെക്കോര്‍ഡ് അടുത്തിടെയാണ് മെലോണി മറികടന്നത്.
