ഓട്ടവ: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധക്കേസിലെ
മുഖ്യപ്രതി സതീന്ദര്‍ജീത്ത് സിങ് എന്ന ഗോള്‍ഡി ബ്രാറിനായി എഫ്.ബി.ഐ (FBI) തിരച്ചില്‍ ശക്തമാക്കി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 8.3 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. ഇയാളെ ‘മോസ്റ്റ് വാണ്ടഡ്’ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി എഫ്.ബി.ഐ.യും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസും (ആര്‍സിഎംപി) സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാനഡയിലെ സറേയില്‍ വെച്ച് 2023-ല്‍ നടന്ന നിജ്ജാര്‍ വധക്കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് ഗോള്‍ഡി ബ്രാറിനെതിരെ കുറ്റം ചുമത്തിയത്.
ഗോള്‍ഡി ബ്രാറും ഇന്ത്യയില്‍ ജയിലിലുള്ള ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ലോസാഞ്ചലസ് കേന്ദ്രീകരിച്ച് എഫ്.ബി.ഐ. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാള്‍ അമേരിക്കയിലോ കാനഡയിലോ ഒളിവില്‍ കഴിയുന്നുണ്ടാകാമെന്നാണ് നിഗമനം.

വടക്കേ അമേരിക്കയിലെ ഇന്‍ഡോ-കനേഡിയന്‍ ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’ എന്ന സംയുക്ത റെയ്ഡിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ എഫ്.ബി.ഐ നടത്തുന്ന ഈ നീക്കത്തെ കനേഡിയന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ബ്രാറിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ എഫ്.ബി.ഐയുടെ 1-800-CALL-FBI (1-800-225-5324) എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
