ബാഗ്ദാദ്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിനും യുദ്ധങ്ങള്‍ക്കും ഒടുവില്‍ ഇറാഖില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. സെപ്റ്റംബര്‍ 30 ബുധനാഴ്ചയോടെ തങ്ങളുടെ അവസാനത്തെ സൈനിക താവളങ്ങളില്‍ യുഎസ് സൈന്യം ഇറാഖ് വിടും.
2024-ല്‍ ജോ ബൈഡന് പ്രസിഡന്റായിരുന്ന കാലത്താണ് സൈന്യത്തെ പിന്‍വലിക്കാനുള്ള കരാര്‍ ഒപ്പിട്ടത്. നിലവില്‍ ഇറാനുമായി അമേരിക്ക കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലും, ഡോണള്‍ഡ് ട്രംപ് ഭരണകൂടം പിന്മാറ്റ കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

4,500-ലധികം അമേരിക്കന്‍ സൈനികരുടെ ജീവന് നഷ്ടപ്പെട്ട ഇറാഖില്‍ നിന്നുള്ള ഈ പിന്മാറ്റത്തെ ഇറാനും അവരുടെ സഖ്യകക്ഷികളും ചരിത്രപരമായ വിജയമായാണ് ആഘോഷിക്കുന്നത്. യുഎസ് പിന്മാറ്റത്തോടെ ഇറാഖില്‍ ഇറാന്റെ സ്വാധീനം കൂടുതല്‍ ശക്തമാകുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ ഡ്രോണുകളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അഭാവം ഐസിസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് കുര്‍ദിഷ് കമാന്‍ഡര്‍ സിര്‍വാന്‍ ബര്‍സാനി വ്യക്താമാക്കി. ഔദ്യോഗിക പിന്മാറ്റ വാര്‍ത്തകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഐഎസ് ഭീകരരുടെ നീക്കങ്ങള്‍ സജീവമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് പിന്മാറ്റത്തെ പൊതുവെ ഇറാഖി ജനത സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, തനിയെ സുരക്ഷ ഏറ്റെടുക്കാന്‍ ഇറാഖ് സൈന്യം ഇപ്പോഴും പ്രാപ്തമായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയുടെ പിന്മാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ ശൂന്യത ഇറാന് അനുകൂല മിലിഷ്യകള്‍ മുതലെടുക്കുമെന്ന് ഫല്ലൂജയിലെ സുന്നി ഗോത്രനേതാവായ അബ്ദുല്‍ റഹ്മാന് അല്‍ സുബൈ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്ലൈന് ആക്രമിച്ചതിന് പിന്നില്‍ ഇറാന് നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഇറാഖി മിലിഷ്യകളാണെന്നാണ് യുഎസ് ആരോപിക്കുന്നത്.
അതേസമയം, അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ബുധനാഴ്ച രാജ്യത്ത് വന്‍തോതിലുള്ള ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഐഎസ് ലക്ഷ്യമിട്ടിരുന്നതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ ഇപ്പോഴും ശക്തരാണെന്ന് തെളിയിക്കാനാണ് ഭീകരര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്ന് കിര്‍കുക്കിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനായ കേണല്‍ ഖാലിദ് അല്‍ ബയാതി പറഞ്ഞു.
