Friday, October 2, 2026

ഒന്റാരിയോ കരിയര്‍ കോളേജുകളില്‍ വന്‍ ക്രമക്കേട്; വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയത് ഏജന്‍സികള്‍

ടൊറന്റോ: ഒന്റാരിയോയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കരിയര്‍ കോളേജുകളില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും അക്കാദമിക് തട്ടിപ്പുകളും നടക്കുന്നതായി സര്‍ക്കാര്‍ തയാറാക്കിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍. പ്രമുഖ കരിയര്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം മൂന്നാം കക്ഷികളാണ് പരീക്ഷകളും കോഴ്സുകളും പൂര്‍ത്തിയാക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ ഒരൊറ്റ ദിവസം കൊണ്ട് പൂര്‍ണ്ണ കോഴ്‌സുകള്‍ എഴുതിത്തീര്‍ത്തതായും തങ്ങള്‍ പഠിക്കുന്ന കോളേജിന്റെയോ കോഴ്‌സിന്റെയോ പേര് പോലും പറയാന്‍ കഴിയാത്തവരാണെന്നും ഒന്റാരിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

‘അക്കാദമി ഓഫ് ലേണിംഗ്’ (Academy of Learning – AOL) എന്ന സ്ഥാപനത്തിന്റെ മൂന്ന് ശാഖകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ ‘ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റന്‍സ് പ്രോഗ്രാം’ (OSAP) ആനുകൂല്യങ്ങള്‍ ഒന്റാറിയോ സര്‍ക്കാര്‍ തടഞ്ഞു. ഇതിനെതിരെ കോളേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയത്.

പരിശോധനാ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:

ദിവസങ്ങള്‍ കൊണ്ട് കോഴ്‌സ് പൂര്‍ത്തിയായി: ബ്രാംപ്ടണ്‍ ക്യാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ബിസിനസ് റൈറ്റിംഗ് കോഴ്‌സിലെ എല്ലാ ക്വിസുകളും ഫൈനല്‍ പരീക്ഷയും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതായി കണ്ടെത്തി. ഫൈനല്‍ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ എടുത്തത് വെറും 6 മിനിറ്റ് മാത്രമാണ്. മറ്റൊരു വിദ്യാര്‍ത്ഥി ബിസിനസ് കോഴ്‌സ് ലോഗിന്‍ ചെയ്ത ആദ്യ ദിനം തന്നെ ഫൈനല്‍ പരീക്ഷയും പാസ്സായി.

ഒരേ ഐ.പി അഡ്രസ് ഉപയോഗിച്ച് ലോഗിന്‍: നോര്‍ത്ത് യോര്‍ക്ക് ക്യാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക് 211-ലധികം ഐ.പി (IP) അഡ്രസ്സുകളില്‍ നിന്ന് പ്രവേശനം നടന്നിട്ടുണ്ട്. ബേ സ്ട്രീറ്റ് ക്യാമ്പസില്‍ 39 വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഒരേ ഐ.പി അഡ്രസ്സില്‍ നിന്നാണ് ലോഗിന്‍ ചെയ്തിരിക്കുന്നത്. ഒരേ റിക്രൂട്ടിംഗ് ഏജന്റ് വഴി എത്തിയ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളാണിത്. ഇത് തിരിമറിയെയും ക്രമവിരുദ്ധമായ ഇടപെടലുകളെയും സൂചിപ്പിക്കുന്നു.

സംശയം തോന്നി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ഏത് കോളേജിലാണ്, ഏത് കോഴ്‌സിലാണ് പഠിക്കുന്നതെന്ന് പോലും പറയാന്‍ കഴിഞ്ഞില്ല. പലര്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പോലും അറിയില്ലായിരുന്നു.

ലക്ഷക്കണക്കിന് ഡോളറിന്റെ ഫണ്ട് തിരിമറി:

കരിയര്‍ കോളേജസ് ഒന്റാരിയോ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഈ മൂന്ന് ക്യാമ്പസുകളില്‍ നിന്നുമുള്ള സ്റ്റുഡന്റ് ഗ്രാന്റ് അപേക്ഷകളില്‍ 500 മുതല്‍ 600 ശതമാനം വരെ ഭീമമായ വര്‍ദ്ധനവ് ഉണ്ടായതായി കണ്ടെത്തി. 2024-25 അധ്യയന വര്‍ഷത്തില്‍ ഈ മൂന്ന് സ്ഥാപനങ്ങളിലെ 14,800 വിദ്യാര്‍ത്ഥികള്‍ക്കായി 219 മില്യണ്‍ ഡോളറിലധികം (21.9 കോടി ഡോളര്‍) സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഒന്റാരിയോയിലെ മുഴുവന്‍ പൊതു കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ആകെ തുക (385 മില്യണ്‍ ഡോളര്‍) വെച്ചുനോക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്.

തുടര്‍ന്ന്, 2025 ഓഗസ്റ്റ് 1 മുതല്‍ ഈ സ്ഥാപനങ്ങളെ OSAP ആനുകൂല്യങ്ങളില്‍ നിന്ന് ഒന്റാരിയോ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിലക്കുകയായിരുന്നു. കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാരും ഈ സ്ഥാപനങ്ങള്‍ക്കെതിരെ സമാനമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ തള്ളി കോളേജ് അധികൃതര്‍:

എന്നാല്‍ സര്‍ക്കാര്‍ ആരോപണങ്ങള്‍ അക്കാദമി ഓഫ് ലേണിംഗ് അധികൃതര്‍ നിഷേധിച്ചു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഡൈനാമിക് ഐ.പി അഡ്രസ്സുകള്‍ നല്‍കുന്നതിനാലാണ് പല അക്കൗണ്ടുകളിലും ഒരേ ഐ.പി വരുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ നല്‍കാതിരുന്നത് തട്ടിപ്പ് കോളുകളാണെന്ന് കരുതിയാണെന്നുമാണ് കോളേജിന്റെ വിശദീകരണം. പോരായ്മകള്‍ പരിഹരിക്കാന്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും കോഴ്‌സുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോളേജ് അറിയിച്ചു.

കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ആരോപണങ്ങളില്‍ അന്തിമ വിധി വന്നിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!