Friday, October 2, 2026

അതിര്‍ത്തി കടക്കല്‍ ഇനി എളുപ്പമാകില്ല: ‘നെക്‌സസ്’ അപേക്ഷകര്‍ക്ക് പുതിയ സമയപരിധി പ്രഖ്യാപിച്ച് കാനഡ

ഓട്ടവ: കാനഡയ്ക്കും അമേരിക്കയ്ക്കുമിടയില്‍ അതിവേഗ യാത്രാസൗകര്യം നല്‍കുന്ന യാത്രാ കാര്‍ഡായ ‘നെക്‌സസ്’ (Nexus) അപേക്ഷകര്‍ക്കായി പുതിയ സമയപരിധി പ്രഖ്യാപിച്ച് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA). 2027 ഏപ്രില്‍ 1 മുതല്‍ അപേക്ഷകര്‍ക്ക് കണ്ടീഷണല്‍ അപ്രൂവല്‍ (Conditional Approval) ലഭിച്ച് രണ്ട് വര്‍ഷത്തിനകം എന്റോള്‍മെന്റ് അഭിമുഖം നിശ്ചയിക്കേണ്ടതുണ്ടെന്ന് ഏജന്‍സി അറിയിച്ചു. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള കാലതാമസം കാരണം അഞ്ച് വര്‍ഷമായി ദീര്‍ഘിപ്പിച്ചിരുന്ന കാലാവധിയാണ് ഇപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്.

2027 ഏപ്രില്‍ 1-ന് മുന്‍പ് കണ്ടീഷണല്‍ അപ്രൂവല്‍ ലഭിച്ചവര്‍, അപ്രൂവല്‍ തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനകമോ അല്ലെങ്കില്‍ 2029 ഏപ്രില്‍ 1-ന് മുന്‍പോ (ഏതാണോ ആദ്യം വരുന്നത്) അഭിമുഖം പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവില്‍ അഭിമുഖത്തിനായി കാത്തിരിക്കുന്നവര്‍ അപേക്ഷകള്‍ റദ്ദായി പോകാതിരിക്കാന്‍ എത്രയും വേഗം അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യണമെന്ന് CBSA മുന്നറിയിപ്പ് നല്‍കി. അപേക്ഷ സമര്‍പ്പിച്ച ശേഷം CBSA, യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) എന്നീ രണ്ട് ഏജന്‍സികളുമായും അപേക്ഷകര്‍ അഭിമുഖം പൂര്‍ത്തിയാക്കണം. വിരലടയാളം പരിശോധിക്കല്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍, ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കാനഡ-യു.എസ് അതിര്‍ത്തികളില്‍ അതിവേഗ ക്ലിയറന്‍സ് നല്‍കുന്ന നെക്‌സസ് കാര്‍ഡുകള്‍, മുന്‍ഗണനാ ലെയ്‌നുകളിലൂടെയുള്ള യാത്രയ്ക്ക് അപേക്ഷകരെ സഹായിക്കുന്നു. കൂടാതെ യു.എസിലെ TSA PreCheck, Global Entry എന്നീ ആനുകൂല്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാകും. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള നെക്‌സസ് കാര്‍ഡുകള്‍ക്ക് 120 യു.എസ് ഡോളറാണ് അപേക്ഷാ ഫീസ്. കുട്ടികള്‍ക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്.

അതേസമയം, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെത്തുടര്‍ന്ന് കാനഡയില്‍ നിന്നുള്ള നെക്‌സസ് അപേക്ഷകളില്‍ 2025-ല്‍ 50 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. 2024-ല്‍ 6,95,533 പേര്‍ അപേക്ഷിച്ച സ്ഥാനത്ത് 2025-ല്‍ അപേക്ഷകരുടെ എണ്ണം 3,44,257 ആയി കുറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!