ടെല്‍ അവീവ്: ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റന്‍ സ്മിത് മച്ഛാറെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.ശനിയാഴ്ച ക്യാപ്റ്റന്‍ സ്മിത്തിനെ ഫോണില്‍ വിളിച്ച നെതന്യാഹു, സ്മിത് മച്ഛാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രയേലിന്റെ അടുത്ത സ്വാതന്ത്ര്യ ദിന ചടങ്ങിലേക്ക് നെതന്യാഹു ക്ഷണിച്ചു. അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ‘യഥാര്‍ഥ ഹീറോ’ എന്നൂം വിശേഷിപ്പിച്ചു.
സഹപൈലറ്റ് ആക്രമിച്ചത് എങ്ങനെയെന്ന് നെതന്യാഹുവിനോട് സ്മിത് മച്ചാര്‍ വിവരിച്ചു. പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റ ഒമാനി പൈലറ്റ് തലയ്ക്ക് പലവട്ടം അടിച്ചെന്നും കാഴ്ച മങ്ങിയതിനാല്‍ ആദ്യം പ്രതിരോധിക്കാനായില്ലെന്നും മച്ചാര്‍ നെതന്യാഹുവിനോട് പറഞ്ഞു. ആദ്യം കോക്പിറ്റ് ഡോര്‍ തുറക്കാനായെങ്കിലും സഹപൈലറ്റ് വീണ്ടും അത് അടച്ചു. ആത്മവിശ്വാസം വീണ്ടെടുത്ത് കോക്ക്പിറ്റ് ഡോര്‍ വീണ്ടും തുറക്കുകയായിരുന്നു. പിന്നാലെ യാത്രികര്‍ കോക്പിറ്റിലേക്ക് കയറി സഹ പൈലറ്റിനെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മച്ചാര്‍ വ്യക്തമാക്കി.

മറ്റൊരു ‘സെപ്റ്റംബര്‍ 11’ ദുരന്തമാണ് ക്യാപ്റ്റന്‍ സ്മിത്തിന്റെ അസാധാരണമായ ധീരതയിലൂടെ ഒഴിവായതെന്ന് നെതന്യാഹു പറഞ്ഞു. അതിസാഹസികമായ സാഹചര്യത്തിലും തികഞ്ഞ ആത്മസംയമനം പാലിച്ച സ്മിത്തിന്റെ ധീരതയില്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്മിത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹുവും ഭാര്യയും ആശംസിച്ചു. കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ആശുപത്രിയിലെത്തി സ്മിത്തിനെ സന്ദര്‍ശിച്ചിരുന്നു.
