Sunday, October 4, 2026

മെസിയുടെ പേരിലുള്ള തട്ടിപ്പ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് SIT

തിരുവനന്തപുരം: ലിയോണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നല്‍കി നടത്തിയ തട്ടിപ്പില്‍ അന്വേഷണ സംഘം (SIT) സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എ.ഡി.ജി.പി. പി. വിജയന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഡി.ജി.പി. റവാഡാ ചന്ദ്രശേഖര്‍ പരിശോധിച്ചുവരികയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് കൈമാറുക. കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ എസ്.ഐ.ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മെസി വിഷയത്തില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ വഴിവിട്ട് സഹായിച്ചെന്നുമാണ് മുന്‍ മന്ത്രിക്കെതിരെയുള്ള പ്രധാന കണ്ടെത്തല്‍. ഇതോടെ കേസില്‍ വി. അബ്ദുറഹിമാന്‍ പ്രതിയായേക്കും. എന്നാല്‍, താന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മുന്‍ മന്ത്രി വ്യക്തമാക്കിയത്. കേസില്‍ എസ്.ഐ.ടി അന്വേഷണം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ നടക്കട്ടെയെന്നും ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്നുമാണ് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചത്.

ചട്ടങ്ങള്‍ ലംഘിച്ചുള്ള സ്‌പോണ്‍സര്‍ഷിപ്പ്, മന്ത്രിയുടെ വിദേശയാത്ര എന്നിവയെക്കുറിച്ച് എസ്.ഐ.ടി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ലഭിച്ച മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും മുന്‍ മന്ത്രിയെ പ്രതി ചേര്‍ക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. ടെന്‍ഡറില്ലാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറായി തിരഞ്ഞെടുത്തത്, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്കായും അതിനായുള്ള വിദേശയാത്രകളായും ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷണപരിധിയിലുണ്ട്. വഴിവിട്ട സഹായത്തിലും സാമ്പത്തിക ഇടപാടുകളിലും ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് തുടര്‍ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!