സെന്റ് ജോണ്‍സ്: ന്യൂഫിന്‍ലന്‍ഡ് തീരത്ത് ഫ്രഞ്ച് കമ്പനിക്ക് സ്നോ ക്രാബ് ഫിഷിങിന് പുതിയ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കാനഡയുടെ ഫിഷറീസ് മന്ത്രി ജോ ആന്‍ തോംസണ്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ ലൈസന്‍സ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ ഈ പ്രതികരണം.
കനേഡിയന്‍ അതിര്‍ത്തിയിലെ കടല്‍ത്തട്ടിലുള്ള വിഭവങ്ങളില്‍ കാനഡയ്ക്ക് പൂര്‍ണ്ണ പരമാധികാരമുണ്ടെന്നും വിദേശ രാജ്യങ്ങള്‍ക്ക് ഇവിടെ ഫിഷിങ് നടത്താന്‍ അനുമതി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സെന്റ് പിയറി ആന്‍ഡ് മിക്വെലോണ്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മാക്രോണിന്റെ വിവാദ വാഗ്ദാനം പുറത്തുവന്നത്. വിഷയത്തില്‍ ഇതുവരെ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

കാനഡയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള സെന്റ് പിയറി ആന്‍ഡ് മിക്വെലോണ്‍ മേഖലയിലെ കടലാതിര്ത്തിയെച്ചൊല്ലി പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്വെന്ഷന് (UNCLOS) പ്രകാരം ഭൂഖണ്ഡാന്തര അതിര്‍ത്തിയിലുള്ള കടല്‍ത്തട്ടിലെ വിഭവങ്ങളുടെ അവകാശം കാനഡയ്ക്കാണ്. കനേഡിയന്‍ മത്സ്യത്തൊഴിലാളികളുടെയും കമ്മ്യൂണിറ്റികളുടെയും താല്പര്യങ്ങള് സംരക്ഷിക്കാന്‍ രാജ്യം എന്നും മുന്നിലുണ്ടാകുമെന്നും തോംസണ്‍ കൂട്ടിച്ചേര്‍ത്തു.
