ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാര്‍. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ വെച്ച് സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിനിരയായ സംഭവമാണ് സ്മിത് വെളിപ്പെടുത്തിയത്. യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുംബൈ സ്വദേശിയായ സ്മിത്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവുമായുള്ള വീഡിയോ കോളിലാണ് ഈ വിവരങ്ങള്‍ തുറന്നുപറഞ്ഞത്.
പറക്കലിനിടെ കോ-പൈലറ്റ് പ്രാര്‍ത്ഥനയിലായിരുന്നെന്നും അല്പസമയത്തിനകം തന്റെ തലയ്ക്ക് പിന്നില്‍ ശക്തമായി അടിക്കുകയായിരുന്നുവെന്നും സ്മിത് ഓര്‍ത്തെടുത്തു. ആക്രമണത്തില്‍ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും മങ്ങുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കാന്‍ തുടങ്ങി. രക്തത്തില്‍ കുളിച്ച അവസ്ഥയിലും വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ സ്മിത് മുഴുവന്‍ ശക്തിയുമെടുത്ത് കോക്പിറ്റ് വാതില്‍ തുറക്കുകയായിരുന്നു. പുറത്തുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ അകത്തുകടന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.

സ്മിത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ലോകത്തിന്റെ മുഴുവന്‍ നായകനാണ് സ്മിത്തെന്ന് വിശേഷിപ്പിച്ച നെതന്യാഹു, വരാനിരിക്കുന്ന ഇസ്രായേല്‍ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് സ്മിത്തിനെയും നരേന്ദ്ര മോദിയെയും ക്ഷണിക്കാനുള്ള ആഗ്രഹവും പങ്കുവെച്ചു. വാണിജ്യ വ്യോമയാന രംഗത്ത് 13 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് മനുഷ്യജീവനുകള്‍ കാത്തുരക്ഷിച്ചത്.
