മസാച്യുസെറ്റ്സ്: ബെര്‍മുഡയില്‍ നിന്ന് ബോസ്റ്റണിലേക്ക് ആറ് യാത്രക്കാരുമായി പറക്കുന്നതിനിടെ കാണാതായ എയര്‍ ആംബുലന്‍സിന്റെ അവശിഷ്ടങ്ങള്‍ യു.എസ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. നാന്റക്കറ്റ് തീരത്തിന് സമീപം സമുദ്രഭാഗത്ത് നടത്തിയ വിപുലമായ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് പൈലറ്റുമാര്‍, രണ്ട് മെഡിക്കല്‍ ജീവനക്കാര്‍, ഒരു രോഗി, ഒരു സഹായി എന്നിവരുള്‍പ്പെടെ നാല് കനേഡിയന്‍ പൗരന്മാരും രണ്ട് ബെര്‍മുഡ സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒന്റാരിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സിന്റെ’ ഗള്‍ഫ് സ്ട്രീം ജി100 (രജിസ്ട്രേഷന്: C-GRJP) വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 1:30-ഓടെ വിമാനവുമായുള്ള റഡാര്‍ ബന്ധം വേര്‍പെടുകയായിരുന്നു. 24,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം മിനിറ്റുകള്‍ക്കകം 11,000 അടിയായി താഴേക്ക് പതിച്ച ശേഷമാണ് അപ്രത്യക്ഷമായത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയര്‍ ട്രാഫിക് കണ്ട്രോള് റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു.

ഹെലികോപ്റ്ററുകളും കട്ടര്‍ കപ്പലുകളും ഉപയോഗിച്ച് 1,600 ചതുരശ്ര മൈലിലധികം വരുന്ന കടല്‍പ്രദേശത്ത് യു.എസ് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യാത്രക്കാരുടെ കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും കാനഡ, ബെര്‍മുഡ സര്‍ക്കാരുകള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
