Sunday, October 4, 2026

വോൺ മേഖലയിൽ വാഹനാപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ടൊറന്റോ: വോൺ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കീൽ സ്ട്രീറ്റിനും സ്റ്റീൽസ് അവന്യൂ വെസ്റ്റിനും (Keele Street and Steeles Avenue West) സമീപമാണ് അപകടം നടന്നതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാളെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വ്യക്തി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി ആരോഗ്യപ്രവർത്തകർ സ്ഥിരീകരിച്ചു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ടൊറന്റോ പൊലീസിന്റെ ട്രാഫിക് സർവീസസ് വിഭാഗം വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ചീമ്മിനിസ്റ്റാക്ക് റോഡിനും (The Chimneystack Road) യോർക്ക് ബൊളിവാർഡിനും (York Boulevard) ഇടയിലുള്ള കീൽ സ്ട്രീറ്റിൽ പൊലീസ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വഴിയിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനാൽ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവസമയത്ത് ഈ പ്രദേശത്തുണ്ടായിരുന്നവരോ, ഡാഷ്‌കാം (Dashcam) ദൃശ്യങ്ങൾ കൈവശമുള്ളവരോ ആയ ആളുകൾ വിവരങ്ങൾ കൈമാറി അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!