Sunday, October 4, 2026

യുക്രൈനിലെ ഇന്ത്യൻ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഡൽഹി: യുക്രൈനിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. സുമി നഗരത്തിൽ പ്രവർത്തിക്കുന്ന കുസും ഫാർമയുടെ പ്ലാന്റിനും വെയർഹൗസിനുമാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ പ്ലാന്റിന് വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് വിവരം. ഏകദേശം 400 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകൾ. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ യുക്രൈനിലെ സുമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 50-ലധികം ജനറിക് മരുന്നുകൾ നിർമിക്കുന്ന കമ്പനി യുക്രൈനു പുറമെ ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

റഷ്യൻ ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി അപലപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു.

സുമിയിലെ ഫാർമസ്യൂട്ടിക്കൽ വെയർഹൗസിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും ഡിനിപ്രോയിലെ ഒരു കമ്യൂണിക്കേഷൻ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റതായും സെലൻസ്കി അറിയിച്ചു. രാത്രിയിൽ യുക്രൈനു നേരെ 135 ആക്രമണ ഡ്രോണുകൾ റഷ്യ വിക്ഷേപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യ ഡ്രോൺ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനിയുടെ സ്ഥാപനവും ആക്രമണത്തിനിരയായത്. ഷഹെദ് വിഭാഗത്തിൽപ്പെടുന്ന ഡ്രോണുകൾ ഉൾപ്പെടെ വലിയ തോതിൽ ഡ്രോണുകൾ റഷ്യ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

യുക്രൈൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പല ഡ്രോണുകളെയും തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുസും ഫാർമ പ്ലാന്റിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!