പാരീസ്: വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനുമെതിരെ ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ മുന്നൂറിലധികം ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനം ഭരണകൂടം താത്കാലികമായി നിര്‍ത്തിവെച്ചു.
പാരീസ്, മാര്‍സെയില്‍, നാന്റെസ്, ലിയോണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. മോശം ക്ലാസ് മുറികള്‍, അധ്യാപകരുടെ ക്ഷാമം, പരീക്ഷാ സമ്മര്‍ദം, ഫണ്ട് വെട്ടിക്കുറയ്ക്കല്‍ എന്നിവയ്ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രമുഖ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഉപരോധവും ഗതാഗത തടസ്സവും സൃഷ്ടിച്ച സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.

വടക്കന്‍ ഫ്രഞ്ച് നഗരമായ ലെന്‍സില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് കൈയിലെടുത്ത പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുടെ കൈ പൊട്ടിത്തെറിയില്‍ അറ്റു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് ശേഷം 24 സ്‌കൂളുകള്‍ക്ക് തീയിടുകയോ തകര്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായും വിദ്യാഭ്യാസ മന്ത്രി എഡ്വാര്‍ഡ് ജെഫ്രെ വ്യക്തമാക്കി.
ഇതുവരെ അഞ്ചായിരത്തിലധികം പേരെ ഭരണകൂടം അറസ്റ്റ് ചെയ്തു. ഇതില്‍ 85 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണ്. അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഇടതുസംഘടനകളാണെന്ന് കുറ്റപ്പെടുത്തിയ ഫ്രഞ്ച് സര്‍ക്കാര്‍, നാശനഷ്ടങ്ങളുടെ തുക പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കുന്നതിനുള്ള ‘വണ്ടാല്‍-പേസ്’ ബില്ല് വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു അറിയിച്ചു.
