Wednesday, October 7, 2026

കരിങ്കടലില്‍ എണ്ണക്കപ്പലിന് നേരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 23 ഇന്ത്യന്‍ ജീവനക്കാരെ രക്ഷപ്പെടുത്തി

മോസ്‌കോ: റഷ്യയുടെ കരിങ്കടല്‍ തീരത്ത് ലൈബീരിയന്‍ പതാകയുമായി സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായി. 23 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ തീവ്രത കാരണം ആദ്യഘട്ടത്തില്‍ അഗ്‌നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെങ്കിലും ജീവനക്കാരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

നാവിക ഡ്രോണുകളാണ് ടാങ്കറിനെ ആക്രമിച്ചതെന്നും കരിങ്കടലിലെ വെള്ളത്തില്‍ അസംസ്‌കൃത എണ്ണ പടര്‍ന്നുപിടിച്ച് കത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രശസ്ത റിസോര്‍ട്ട് നഗരമായ സോച്ചിക്ക് സമീപമാണ് സംഭവം. കടലില്‍ ഓറഞ്ച് നിറത്തിലുള്ള തീജ്വാലകളും ആകാശത്തേക്ക് കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി തീരത്തേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് സോച്ചി മേയര്‍ അറിയിച്ചു.

റൊമാനിയന്‍ തീരത്ത് മറ്റൊരു കപ്പല്‍ തീപിടിച്ച് മുങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത ആ സംഭവത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന് പരിക്കേറ്റിരുന്നു. റഷ്യയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്.

2022-ല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ കരിങ്കടല്‍ മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ റഷ്യയും യുക്രൈനും പരസ്പരം ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. റൊമാനിയന്‍ തീരത്തിന് സമീപം യുക്രേനിയന്‍ ഉല്‍പ്പന്നങ്ങളുമായി പോയ ധാന്യക്കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, തങ്ങളുടെ നഗരങ്ങളില്‍ മോസ്‌കോ നടത്തുന്ന രാത്രികാല ആക്രമണങ്ങള്‍ക്കുള്ള ന്യായമായ തിരിച്ചടിയാണെന്നാണ് യുക്രൈന്റെ നിലപാട്.

സമീപ ആഴ്ചകളില്‍ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ കിയവിലെ പ്രധാന പാലങ്ങള്‍ കേന്ദ്രീകരിച്ച് പകല്‍സമയത്ത് ഡ്രോണ്‍ ആക്രമണം നടത്തുന്ന പുതിയ തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നത്. മുന്‍പ് തെക്കന്‍ റഷ്യയിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ യുക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ കടലില്‍ എണ്ണപ്പാളികള്‍ രൂപപ്പെടുന്നതിനും ബീച്ചുകള്‍ അടയ്ക്കുന്നതിനും മേഖലയില്‍ വിഷലിപ്തമായ കറുത്ത മഴ പെയ്യുന്നതിനും ഇടയാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!