Wednesday, October 7, 2026

ആണവ പഠന മേഖലയിൽ വൻ തിരിച്ചുവരവിനൊരുങ്ങി കെബെക്ക്

മൺട്രിയോൾ: കെബെക്ക് പ്രവിശ്യയിൽ ആണവ ശാസ്ത്ര പഠനവും ഗവേഷണങ്ങളും പുനരുജ്ജീവിപ്പിക്കാൻ വിപുലമായ പദ്ധതികളുമായി മുന്നോട്ട് വരികയാണ് മൺട്രിയോളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പോളിടെക്നിക് യൂണിവേഴ്സിറ്റി (Polytechnique Montréal). പ്രവിശ്യയിലെ ഏക സജീവ ആണവ സംവിധാനമായ ‘സ്ലോപോക്ക്’ (SLOWPOKE-2) റിസർച്ച് റിയാക്ടർ 50-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് സർവകലാശാല ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ആണവ സാങ്കേതികവിദ്യാ രംഗത്ത് പുതിയ തലമുറയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കനേഡിയൻ എഞ്ചിനീയറിങ് കമ്പനിയായ ആറ്റ്കിൻസ്‌റീലിസ് (AtkinsRéalis), 1 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് സർവകലാശാലയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് സർവകലാശാലയിൽ ഒരു പുതിയ ന്യൂക്ലിയർ എഞ്ചിനീയറിങ് റിസർച്ച് ചെയർ സ്ഥാപിക്കും.

ഗവേഷണങ്ങളുടെ ഹബ്ബായി സ്ലോപോക്ക് റിയാക്ടർ

2012-ൽ കെബെക്കിലെ ഏക വാണിജ്യ ആണവനിലയമായിരുന്ന ‘ജെന്റിലി-2’ (Gentilly-2) അടച്ചുപൂട്ടിയതിനുശേഷം പ്രവിശ്യയിൽ അവശേഷിക്കുന്ന ഒരേയൊരു ആണവ റിയാക്ടറാണ് പോളിടെക്നിക്കിലേത്. വെറും 20 കിലോവാട്ട് ശേഷിയുള്ള ഈ ചെറിയ റിയാക്ടർ വൈദ്യുതി ഉത്പാദനത്തിനല്ല ഉപയോഗിക്കുന്നത്. പകരം, മെഡിക്കൽ മേഖലയിലെ ഗവേഷണങ്ങൾക്കും, ഖനന സാമ്പിളുകളിലെ ധാതുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുമുള്ള ‘ന്യൂട്രോൺ ആക്ടിവേഷൻ അനാലിസിസ്’ (Neutron Activation Analysis) പോലുള്ള അതീവ സങ്കീർണ്ണമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്കാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.

ലക്ഷ്യം വിദഗ്ദ്ധരുടെ കുറവ് നികത്തൽ

മുൻപ് ആണവ സാങ്കേതികവിദ്യയിൽ ലോകത്തിന് തന്നെ മാതൃകയായിരുന്നു കാനഡ. പ്രശസ്തമായ കാൻഡു (Candu) റിയാക്ടറുകൾ രൂപകൽപ്പന ചെയ്ത പഴയ തലമുറയിലെ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഭൂരിഭാഗവും വിരമിച്ചതോടെ ഈ രംഗത്ത് വലിയൊരു വിടവ് രൂപപ്പെട്ടിട്ടുണ്ട്. വരും വർഷങ്ങളിൽ ചെറുതും വലുതുമായ ആണവ പദ്ധതികൾ കാനഡയിൽ സജീവമാകുന്നതോടെ വലിയ തോതിൽ വിദഗ്ദ്ധരെ ആവശ്യമായി വരും. ഇത് മുൻകൂട്ടി കണ്ടാണ് പോളിടെക്നിക് പുതിയ പഠന-ഗവേഷണ പരിപാടികൾക്ക് തുടക്കമിടുന്നത്.

സുരക്ഷിതത്വം ഉറപ്പ്, ഇനിയും 25 വർഷത്തെ ആയുസ്സ്

വലിപ്പത്തിൽ ചെറുതാണെങ്കിലും അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളാണ് ഈ റിയാക്ടറിലുള്ളത്. താപനില നിശ്ചിത പരിധിയിലും ഉയർന്നാൽ റിയാക്ടർ സ്വയം പ്രവർത്തനരഹിതമാകുന്ന (Self-regulating) സംവിധാനമാണ് ഇതിന്റെ പ്രധാന സവിശേഷത. നിലവിലുള്ള ആണവ ഇന്ധനം ഉപയോഗിച്ച് റിയാക്ടറിന് ഇനിയും 25 വർഷം കൂടി സുഗമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് റിയാക്ടർ ലബോറട്ടറിയുടെ മാനേജർ ഡാരൻ ഹാൾ വ്യക്തമാക്കി. കെബെക്കിലെ ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുന്നതാണ് പോളിടെക്നിക്കിന്റെ ഈ പുതിയ ചുവടുവെപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!